മമ്മൂക്കയ്ക്ക് വേണ്ടി വീണ്ടുമൊരു സര്‍പ്രൈസ്! ബിലാലിന്റെ മാസ് എന്‍ട്രി ഉടന്‍ തന്നെയുണ്ടാവും!!
Recommended Video

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഒരുപാട് സിനിമകള്‍ അണിയറയിലുണ്ട്. നിലവില്‍ ഒന്നിലധികം സിനിമകളുടെ ചിത്രീകരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആരാധകരും സിനിമാപ്രേമികളും ആകാംഷയോടെ കാത്തിരിക്കുന്നത് ബിഗ് ബിയുടെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ബിലാല്‍ എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനാണ്.
ബിലാല്‍ വരുമെന്ന് പ്രഖ്യാപനം നടന്നെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് അടുത്തിടെ അഭിമുഖത്തില്‍ അമല്‍ നീരദ് തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കായി പുതിയൊരു സര്‍പ്രൈസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് അമല്‍ നീരദ്.

ബിഗ് ബി
ഛായാഗ്രാഹകനായി ഒരുപാട് സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അമല്‍ നീരദ് എന്നൊരു സംവിധായകന്റെ ഉദയം. 2007 ലായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത് ബിഗ് ബീ റിലീസ് ചെയ്തിരുന്നത്. 2005 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫോര്‍ ബ്രദേഴ്സിനെ ആസ്പദമാക്കിയായിരുന്നു ബിഗ് ബി ഒരുക്കിയത്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ സിനിമയായിരുന്ന ബിഗ് ബി അവതരണത്തിലും സാങ്കേതികതയിലൂടെയുമായിരുന്നു വേറിട്ട് നിന്നത്. ബിഗ് ബി ശരാശരി വിജയം മാത്രം നേടിയ സിനിമയാണെങ്കിലും ബിലാല്‍ എന്ന കഥാപാത്രവും ചിത്രത്തിലൂടെ മമ്മൂട്ടിയുടെ പ്രകടനവും പിന്നീട് ടിവിയിലൂടെയും ഓണ്‍ലൈനിലൂടെയും ഏറെ ജനപ്രിയമായി മാറിയിരുന്നു.

ബിലാല്‍ വരുന്നു..
ചിത്രത്തില്‍ മമ്മൂക്കയുടെ സ്റ്റൈലിഷ് കഥാപാത്രവും ഡയലോഗുകളുമായിരുന്നു മറ്റൊരു ആകര്‍ഷണം. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ബിലാല്‍ ശ്രദ്ധേയമായതോടെ ഇതേ പേരില്‍ ബിഗ് ബിയ്ക്ക് രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അമല്‍ നീരദ്. ഈ വര്‍ഷമായിരുന്നു ബിലാല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഫേസ്ബുക്ക് പേജിലൂടെ ഒരു പോസ്റ്റര്‍ അമല്‍ നീരദ് പങ്കുവെച്ചിരിക്കുകയാണ്. ഹരീഷ് കുമാര്‍ എന്നൊരാള്‍ ഒരുക്കിയ പോസ്റ്റാറാണെന്നും പറഞ്ഞിട്ടുണ്ട്. ബിലാലിന് എത്രത്തോളം ആരാധക പിന്തുണയുണ്ടെന്ന് പോസ്റ്റര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

തിരക്കഥ പൂര്‍ത്തിയാവുന്നു..
സിനിമയുടെ തിരക്കഥാ രചന പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് അടുത്തിടെ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞത്. തിരക്കഥയില്‍ പൂര്‍ണമായും സംതൃപ്തി വന്നതിന് ശേഷം മാത്രമേ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളുവെന്നും അതിനാല്‍ അടുത്ത വര്‍ഷം ആദ്യ പകുതിയോടെയായിരിക്കും ബിലാലിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. അതിനുള്ളില്‍ ചിത്രീകരണം തുടങ്ങാന്‍ സാധിക്കുമെന്ന് കരുതുന്നതായും അമല്‍ പറയുന്നു. അമല്‍ നീരദ് തന്നെ തിരക്കഥ ഒരുക്കിയ സിനിമയ്ക്ക് ഉണ്ണി ആര്‍ ആയിരുന്നു സംഭാഷണമൊരുക്കിയത്. രണ്ടാം ഭാഗത്തിലും അങ്ങനെ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വമ്പന്‍ താരങ്ങളോ
മികച്ച ഒരു കഥ ലഭിച്ചതിനാലാണ് ബിലാലിനെ വീണ്ടും സ്‌ക്രീനിലെത്തിക്കാന്‍ ഒരുങ്ങുന്നതെന്ന് അമല്‍ നീരദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ് ബിയ്ക്ക് ശേഷമുള്ള കഥയാണ് ബിലാലിലൂടെ പറയുന്നത്. മമ്മൂട്ടിയ്ക്കൊപ്പം മനോജ് കെ ജയന്‍, ബാല, നഫീസ അലി, സുമിത് നവല്‍, മംമ്ത മോഹന്‍ദാസ്, തുടങ്ങിയ താരങ്ങളായിരുന്നു ബിഗ് ബിയില്‍ അഭിനയിച്ചിരുന്നത്. ബിലാലില്‍ മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തുമ്പോള്‍ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ബിലാലിന്റെ കഥ ഇതാണ്?
ബിലാലിന്റെ ആദ്യകാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ ബിലാല്‍ കുരിശങ്കല്‍ എന്ന കഥാപാത്രം പ്രായമുള്ള ആളുടെ വേഷത്തിലായിരിക്കും എത്തുന്നത്. എന്നാലത് സ്‌റ്റൈലിഷ് ഗെറ്റപ്പിലാവുകയും ബിഗ് ബിയെക്കാള്‍ മാസ് ആയിരിക്കുമെന്നും സംവിധായകന്‍ പറയുന്നു. കൊച്ചിയില്‍ നിന്നുമാണ് സിനിമ പ്രധാനമായുള്ള ഷൂട്ടിംഗ് നടക്കുന്നത്.


Click it and Unblock the Notifications











