മധുരരാജ നിര്‍മ്മാതാവ് തെരഞ്ഞെടുപ്പ് ഗോദയില്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നെല്‍സണ്‍ ഐപ്പ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമായിരുന്നു മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം വിഷു റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മധുരരാജയുടെ രണ്ടാം വരവിന് മികച്ച വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. പോക്കിരിരാജ പോലെ തന്നെ രണ്ടാം ഭാഗവും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. പക്ക മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിട്ടാണ് ഇത്തവണയും സംവിധായകന്‍ വൈശാഖ് മമ്മൂട്ടി ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.
മമ്മൂക്കയ്‌ക്കൊപ്പം വമ്പന്‍ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു മധുരരാജ. കോമഡിയും മാസും ആക്ഷനും സെന്റിമെന്റ്‌സുമെല്ലാം ഉളള സിനിമയില്‍ മധുരരാജയായി വീണ്ടും മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.

പോക്കിരിരാജ ടോമിച്ചന്‍ മുളകുപാടം ആയിരുന്നു നിര്‍മ്മിച്ചതെങ്കില്‍ മധുരരാജ നെല്‍സണ്‍ ഐപ്പാണ് ഒരുക്കിയത്. അതേസമയം മധുരരാജ നിര്‍മ്മാതാവിനെ സംബന്ധിച്ചുളള പുതിയൊരു വിവരം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയില്‍ മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവും ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

കുന്നംകുളം നഗരസഭ അഞ്ചാം വാര്‍ഡ് വൈശ്ശേരിയിലാണ് നെല്‍സണ്‍ സ്ഥാനാര്‍ത്ഥിയാവുന്നത്. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന നെല്‍സണ്‍ ഐപ്പിന്റെ പോസ്റ്ററുകളെല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍ എന്ന് കുറിച്ചുകൊണ്ടുളള ഡിജിറ്റല്‍ പോസ്റ്ററുകളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്.

ലോറി ഡ്രൈവര്‍ എന്ന നിലയില്‍ ജീവിതം തുടങ്ങിയ ആളാണ് നെല്‍സണ്‍ ഐപ്പ്. തുടര്‍ന്ന് ബിഗ് ബഡ്ജറ്റ് സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലേക്കും അദ്ദേഹം എത്തി. മധുരരാജ ഇറങ്ങിയ സമയത്തെല്ലാം ഇദ്ദേഹത്തിന്റെ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 25കോടി ബഡ്ജറ്റിലാണ് മമ്മൂട്ടിയുടെ മധുരരാജ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ചത്.

45 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ സിനിമ ഇടംപിടിച്ചിരുന്നു. നിര്‍മ്മാതാവ് തന്നെയാണ് മുന്‍പ് ഔദ്യോഗികമായി മധുരരാജയുടെ കളക്ഷന്‍ പുറത്തുവിട്ടിരുന്നത്. നെല്‍സണ്‍ ഐപ്പ് ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു മധുരരാജ. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു, ജയ്, അനുശ്രീ, ജഗപതി ബാബു, വിജയരാഘവന്‍, സലീംകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
Recommended Video

ഗോപി സുന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം സണ്ണി ലിയോണ്‍ അവതരിപ്പിച്ച ഐറ്റം ഡാന്‍സും സിനിമയിലെ മുഖ്യ ആകര്‍ണങ്ങളിലൊന്നായി മാറി. സിനിമയ്ക്ക് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്ന് അറിയിച്ചുകൊണ്ടായിരുന്നു മധുരരാജ അണിയറക്കാര്‍ അവസാനിപ്പിച്ചിരുന്നത്. മോഹന്‍ലാലിന്റെ ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയായിരുന്നു മധുരരാജയും തിയ്യേറ്ററുകളിലെത്തിയത്. ആരാധക പ്രതീക്ഷളോടെല്ലാം നീതി പുലര്‍ത്തികൊണ്ടായിരുന്നു സിനിമ അണിയിച്ചൊരുക്കിയത്.


Click it and Unblock the Notifications











