ആരാധകര്‍ക്കിനി ആഘോഷിക്കാം! മധുര രാജയ്ക്ക് കൊച്ചിയില്‍ തുടക്കം! ഇതൊരു ഒന്നൊന്നര വരവായിരിക്കും!!
Recommended Video

പ്രേക്ഷകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട ചിത്രമായിരുന്നു പോക്കിരിരാജ. മമ്മൂട്ടിയും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത മമ്മൂട്ടി ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. മധുര രാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധായകന്‍ വൈശാഖ് തന്നെയാണ് ഒരുക്കുന്നത്.
ആദ്യ ഭാഗം പോലെ പ്രേക്ഷകര്‍ക്കിഷ്ടമാവുമെന്ന തരത്തിലുളള എല്ലാ ഘടകങ്ങളും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലുമുണ്ടാവുമെന്നാണ് അറിയുന്നത്. പ്രഖ്യാപന വേള മുതല്‍ക്കു തന്നെ വളരെയധികം ആവേശത്തോടെയാണ് ചിത്രത്തിനു വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ എല്ലാവരെയും സന്തോഷത്തിലാഴ്ത്തി മധുര രാജയുടെ ഷൂട്ടിംഗ് ആരംഭിച്ചതായുളള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

മധുരരാജയുടെ വരവ്
പോക്കിരിരാജയില്‍ ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ച മമ്മൂക്കയുടെ കഥാപാത്രമായിരുന്നു മധുര രാജ. ഗുണ്ടാത്തലവന്‍ രാജയുടെയും അനിയന്‍ സൂര്യയുടെയും കഥ പറഞ്ഞുകൊണ്ടായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് രാജാ 2 എന്ന പേരാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും പിന്നീട് മധുരരാജ എന്ന പേരു തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ഇട്ടിരുന്നത്. മധുര രാജയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍
ആരാധകര് ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. എറണാകുളത്താണ് മധുരരാജയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളാണ് അണിയറപ്രവര്‍ത്തകര്‍ കൊച്ചിയില്‍ ചിത്രീകരിക്കുന്നത്. ആഗസ്റ്റ് 20ന് മമ്മൂക്ക ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. തെലുങ്ക് താരം ജഗപതി ബാബു ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തതായാണ് അറിയുന്നത്.

വമ്പന്‍ താരനിര
വലിയ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം തമിഴ് നടന്‍ ജയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പുലിമുരുകനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. അനുശ്രീ,മഹിമാ നമ്പ്യാര്‍,ഷംനാ കാസിം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. സിദ്ദിഖ്,നെടുമുടി വേണു, അജു വര്‍ഗീസ്,സലീംകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മാസ് എന്റര്‍ടെയ്‌നര്‍
പോക്കിരിരാജ പോലെ ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് വൈശാഖ് മധുരരാജ ഒരുക്കുന്നത്. കോമഡി, ആക്ഷന്‍,ഇമോഷന്‍ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നത്. പുലിമുരുകന്‍,ഒടിയന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. പീറ്റര്‍ ഹെയ്‌ന്റെ സംഘടന രംഗങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക.

ചിത്രത്തിന്റെ നിര്‍മ്മാണം
നെല്‍സണ്‍ ഐപ്പാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് മധുരരാജ അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ഒരേസമയം മലയാളം,തമിഴ്,തെലുങ്ക് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. യുകെ സിനിമാസാണ് മധുരരാജ വിതരണത്തിനെത്തിക്കുന്നത്. ചിത്രം അടുത്തവര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

മികച്ച ടെക്‌നീഷ്യന്‍മാര്‍
പുലിമുരുകന് വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് മധുരരാജയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പുലി മുരുകനു പുറമെ രാമലീല, ഒടിയന്‍ എന്ന സിനിമകള്‍ക്ക് വേണ്ടിയും ചായാഗ്രഹണം നിര്‍വ്വഹിച്ച ആളാണ് ഷാജികുമാര്‍. ഗോപീസുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതെന്നാണ് അറിയുന്നത്. പോക്കിരിരാജയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനു കഥയെഴുതിയിരിക്കുന്നത്.


Click it and Unblock the Notifications