മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ അടുത്ത ആഴ്ച? ആകാംക്ഷയോടെ ആരാധകര്‍
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. റിലീസിങ്ങിനൊരുങ്ങുന്ന സിനിമ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. നാല് ഭാഷകളിലായിട്ടാണ് മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം അണിയറയില്‍ ഒരുങ്ങുന്നത്.

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി നിര്‍മ്മിക്കുന്നു. മാമാങ്കത്തിന്റെ ആദ്യ ടീസറിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍ റിലീസിങ്ങിനെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ അടുത്തയാഴ്ച എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിനിമ ഒക്ടോബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. കേരളത്തില്‍ നാനൂറിലധികം തിയ്യേറ്ററുകള്‍ സിനിമയ്ക്ക് ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നും അറിയുന്നു. 325 ഓളം ഹോള്‍ഡിംഗുകളും സിനിമയുടെ പ്രചാരണത്തിനായി ഉയരും. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രാചി ടെഹ്ലാന്‍, കനിഹ, അനു സിത്താര തുടങ്ങിയവര്‍ നായികമാരാകുന്നു.

സിദ്ധിഖ്, അബു സലീം, സുധീര്‍ സുകുമാരന്‍, തരുണ്‍ രാജ് അറോറ, സുദേവ് നായര്‍ തുടങ്ങിയവരാണ് മാമാങ്കത്തിലെ മറ്റു പ്രധാന താരങ്ങള്‍. തിരുന്നാവായ മണപ്പുറത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ചാവേറുകളുടെ കഥയാണ് പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

സ്ത്രീ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാകും മാമാങ്കം എന്നാണറിയുന്നത്. നായികയായ പ്രാചി ടെഹ്ലാനെ പ്രേക്ഷകര്‍ക്ക് പരിചയെപ്പെടുത്തിയ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ് മമ്മൂട്ടി ചിത്രം അണിയറയില്‍ ഒരുങ്ങുന്നതെന്നും അറിയുന്നു. മോഹന്‍ലാലിന്റെ ഒടിയന് വേണ്ടി സംഗീതമൊരുക്കിയ ഏം ജയചന്ദ്രന്‍ തന്നെയാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടിയും പാട്ടുകള്‍ ഒരുക്കുന്നത്.

മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. സജീവ് പിളളയുടെ സംവിധാനത്തിലാണ് സിനിമ ആരംഭിച്ചതെങ്കിലും പിന്നീട് എം പദ്മകുമാര്‍ സംവിധാന ചുമതല ഏറ്റെടുക്കുകയായിരുന്നു.

വിവിധ ലൊക്കേഷനുകളിലായി കൂറ്റന്‍ സെറ്റുകളൊരുക്കിയാണ് സിനിമ ചിത്രീകരിച്ചിരുന്നത്. മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ അടുത്ത സൂപ്പര്‍ ഹിറ്റായി ചിത്രം മാറുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് ചരിത്ര പശ്ചാത്തലത്തിലുളള സിനിമയുമായി മെഗാസ്റ്റാര്‍ വീണ്ടും എത്തുന്നത്. പഴശ്ശിരാജ പോലെ മമ്മൂക്കയുടെ മാമാങ്കവും തരംഗമാവുമെന്നാണ് എല്ലാവരും കരുതുന്നത്.


Click it and Unblock the Notifications