മമ്മൂക്ക വീണ്ടും മിന്നിക്കാനുളള വരവാണ്! യാത്ര തെലുങ്കിനു പുറമെ മലയാളത്തിലും എത്തുന്നു
Recommended Video

ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തുന്ന ചിത്രമാണ് യാത്ര. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഡിസംബറിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററും ടീസറുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
വൈഎസ് ആര്‍ റെഡ്ഡിയായുളള മമ്മൂക്കയുടെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തുന്ന ചിത്രം ഡിസംബര്‍ 21നാണ് റിലീസ് ചെയ്യുന്നത്. വൈഎസ് ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജന്മദിനത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

യാത്ര
ചിത്രീകരണം പൂര്‍ത്തിയാക്കിയ യാത്ര നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. വൈഎസ് ആറിന്റെ ബയോപിക്കായി എത്തുന്ന ചിത്രം കാണാന്‍ തെലുങ്ക് പ്രേക്ഷകര്‍ക്കെന്ന പോലെ മലയാളികള്‍ക്കും വലിയ ആകാംക്ഷയാണുളളത്. മമ്മൂക്കയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. യാത്രയിലെ കഥാപാത്രത്തിനായി മമ്മൂക്കയെ തന്നെ സംവിധായകന്‍ തിരഞ്ഞെടുത്തത് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ചരിത്ര കഥാപാത്രമായി മമ്മൂക്ക വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. 1999 മുതല്‍ 2004 വരെയുളള വൈഎസ് ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

മഹി വി രാഘവിന്റെ സംവിധാനം
തെലുങ്കിലെ യുവസംവിധായകന്‍ മഹി വി രാഘവാണ് മമ്മൂട്ടിയുടെ യാത്രയുമായി എത്തുന്നത്. 30 കോടി ബഡ്ജറ്റിലാണ് സംവിധായകന്‍ വൈ എസ് ആറിന്റെ ജീവിതം വെളളിത്തിരയിലേക്ക് എത്തിക്കുന്നത്,. വമ്പന്‍ താരനിരയാണ് മമ്മൂക്കയുടെ യാത്രയില്‍ അണിനിരക്കുന്നത്. അടുത്തിടെ മമ്മൂക്ക തന്നെ പുറത്തുവിട്ട യാത്രയുടെ ലൊക്കേഷന്‍ പിക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചിത്രത്തില്‍ വമ്പന്‍ താരനിരയ്‌ക്കൊപ്പം നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു.

താരനിര
സുഹാസിനി മണിരത്‌നം,ഭൂമിക ചൌള തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സബിതാ ഇന്ദ്രറെഡ്ഡി എന്ന കഥാപാത്രമായാണ് സുഹാസിനി എത്തുന്നത്. വൈഎസ്ആറിന്റെ ഭരണക്കാലത്ത് മന്ത്രിയായിരുന്ന സബിത ആന്ധ്രയിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു. ചിത്രത്തില്‍ വൈഎസ്ആറിന്റെ ഭാര്യ വിജയലക്ഷ്മിയായി എത്തുന്നത് ആശ്രിത വെമുഗന്തിയാണ്. ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടിക്കൊപ്പം എത്തിയ താരമാണ് ആശ്രിത. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും നേരത്തെ മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

മലയാളത്തിലും തമിഴിലും റീലീസ്
തെലുങ്കില്‍ ചിത്രീകരിച്ച സിനിമ തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്, ചിത്രത്തിന്റെ വിതരണക്കാരായ ഫാര്‍സ് ഫിലിം കമ്പനിയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മമ്മൂക്കയുടെ യാത്ര നിര്‍മ്മിച്ചിരിക്കുന്നത്. 5 കോടി തുകയ്ക്കാണ് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം കൈമാറിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Click it and Unblock the Notifications











