പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ക്യാംപെയ്‌ന് പിന്തുണയുമായി മമ്മൂട്ടി
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇതേക്കുറിച്ച് പ്രതികരിച്ച് മെഗാസ്റ്റാര്‍ എത്തിയത്. എല്ലാരോടും പരിപാടിയില്‍ പങ്കാളികളാകാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാത്രി 9 മണിക്ക് ഒമ്പത് മിനിറ്റ് നേരം വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കാനായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യ ദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈ സംരംഭത്തില്‍ എല്ലാവരും പങ്കുച്ചേരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വീഡിയോയില്‍ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ മറ്റു താരങ്ങളും ദീപം തെളിയിക്കലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കോവിഡ് 19നെതിരായ ബോധവല്‍ക്കരണ ക്യാംപെയ്‌നുകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരങ്ങളെല്ലാം സജീവമായി പങ്കെടുക്കുന്നുണ്ട്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു നേരത്തെ പ്രധാനമന്ത്രി ഇതേക്കുറിച്ച് അറിയിച്ചത്.
വീടിന് പുറത്തിറങ്ങാതെ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ലോക്ക് ഡൗണ്‍ നടത്തുന്നത്. ലോക്ക് ഡൗണില്‍ പൂര്‍ണമായും സഹകരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കുളള നന്ദിയും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തെ ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. ടോര്‍ച്ച് അടിക്കുമ്പോള്‍ കൃത്യം കൊറോണയുടെ കണ്ണില്‍ തന്നെ നോക്കി അടിക്കണമെന്നാണ് സംവിധായകന്‍ പറഞ്ഞത്. അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം. മെഴുതിരി , ബള്‍ബ്, മണ്ണെണ്ണ വിളക്ക്, പെട്രോമാസ്, അരിക്കലാമ്പ്, എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി. ലിജോ പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു


Click it and Unblock the Notifications











