ഈ വര്‍ഷം വാപ്പച്ചിയ്‌ക്കോ മകനോ??
വര്‍ഷം അവസാനിക്കുമ്പോള്‍ അവാര്‍ഡുകളുടെ കുത്തൊഴുക്കകുളും തുടങ്ങുന്നു. മികച്ച നടന്റെ പോസ്റ്റിലേക്ക് മത്സരിക്കാന്‍ യുവതാരങ്ങള്‍ക്കൊപ്പം ഈ വര്‍ഷം മമ്മൂട്ടിയുമുണ്ട്. ദുല്‍ഖറും മമ്മൂട്ടിയും മത്സരിക്കുമ്പോള്‍ ആര്‍ക്കാവും ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിയ്ക്കുക??
കഴിഞ്ഞ വര്‍ഷം ഈ ചോദ്യത്തിന് അത്ര പ്രസക്തിയുണ്ടായിരുന്നില്ല. കമ്മത്ത്, ഇമ്മാനുവല്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സയലന്‍സ് തുടങ്ങി, കുഞ്ഞനന്തന്റെ കടയൊഴികെ മമ്മൂട്ടിയുടേതായി ഇറങ്ങിയ ചിത്രങ്ങളത്രെയും പരാജയമായിരുന്നു. ദുല്‍ഖറിന്റെതാണെങ്കില്‍ പട്ടം പോലെ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ചു സുന്ദരികള്‍, എ ബി സി ഡി തുടങ്ങിയ ചിത്രങ്ങള്‍ താരതമ്യേനെ ശരാശരിയില്‍ നിന്നു.

ഈ വര്‍ഷം അങ്ങനെയല്ല. വാപ്പച്ചിയും മകനും ഇഞ്ചോടിഞ്ചു മത്സരത്തിലാണ്. ബാല്യകാല സഖി, പ്രെയ്‌സ് ദ ലോര്‍ഡ്, ഗ്യാങ്‌സ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ആദ്യം മമ്മൂട്ടി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചെങ്കിലും മംഗ്ലീഷിലൂടെ തിരിച്ചുവരവ് നടത്തി. സാമാന്യ വിജയം നേടി മംഗ്ലീഷ് അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു മുന്നറിയിപ്പുമായുള്ള വരവ്. അതൊരു മുന്നറിയിപ്പ് തന്നെയായിരുന്നു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിന്റെ വിജയം ഇപ്പോഴും തുടരുന്നു.
തുടര്‍ന്ന് രാജാധി രാജയിലും ശരാശരിയില്‍ താഴെപ്പോകാതെ നിന്ന മമ്മൂട്ടി വര്‍ഷത്തിലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. മമ്മൂട്ടി എന്ന മഹാ നടനെ മലയാളികള്‍ ഒരിക്കല്‍ കൂടെ നമിച്ചു. വാപ്പച്ചിയുടെ വിജയത്തില്‍ പങ്കാളിയായ ദുല്‍ഖറും ഒട്ടും പിന്നോട്ടല്ല. സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകാരം എന്നീ ചിത്രങ്ങളിലൂടെ തുടക്കത്തില്‍ ഒന്ന് പരീക്ഷിച്ചെങ്കിലും പിന്നെ തിരിച്ചു കയറി.
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ അര്‍ജുന്‍ എന്ന അജു ഇപ്പോഴും പ്രേക്ഷക മനസ്സില്‍ ഇരിക്കുന്നു. ആ കുസൃതിത്തരം ഒട്ടും മാറാതെ തന്നെ അജു, വിക്രമനായി വിക്രമാദിത്യനിലെത്തി. നൂറ് ദിവസം ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ തിയേറ്ററുകളിലോടി. അതിനിടയില്‍ അഭിനയ പ്രാധാന്യമുള്ള വേഷവും ദുല്‍ഖറിന് ലഭിച്ചു, രഞ്ജിത്തിന്റെ ഞാന്‍. വാണിജ്യ വിജയം നേടിയില്ലെങ്കിലും നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ഞാന്‍. ദുല്‍ഖറിന്റെ അഭിനയവും മികച്ചു നില്‍ക്കുന്നു.


Click it and Unblock the Notifications











