മമ്മൂട്ടി സയന്‍സ് കോളമിസ്റ്റാകുന്നു
മമ്മൂട്ടിയുടെ സമയം കുറച്ചുകാലമായി അത്ര നല്ലതല്ല. അടിക്കടി പല ചിത്രങ്ങളും ഇറങ്ങുന്നുണ്ടെങ്കിലും ഒന്നും പ്രതീക്ഷിയ്ക്കുന്ന വിജയത്തിലേയ്‌ക്കെത്തുന്നില്ല. എന്നുവച്ച് മമ്മൂട്ടിയ്ക്ക് സിനിമയില്ലാത്ത അവസ്ഥയോ, സിനിമ ചെയ്യാത്ത അവസ്ഥയോ ഇല്ല. ഒന്നിന് പിന്നാലെ ഒന്നായി അദ്ദേഹത്തിന്റെ പലചിത്രങ്ങളും റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഒപ്പം പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. 2014ല്‍ ഒട്ടേറെ വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. കോമഡി, സീരിയസ് ചിത്രങ്ങളെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഇപ്പോഴിതാ ഒരു നവാഗാത സംവിധായകനൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു സയന്‍സ് കോളമിസ്റ്റായി അഭിനയിക്കാന്‍ പോവുകയാണ്. സംവിധായകന്‍ ജോഷിയുടെ അസിസ്റ്റന്റായിരുന്ന ജമാലിന്റെ ആദ്യ ചിത്രത്തിലാണ് മമ്മൂട്ടി സയന്‍സ് കോളമെഴുത്തുകാരനായി എത്തുന്നത്. ജമാല്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പും വ്യത്യസ്തമാകുമെന്നാണ് അറിയുന്നത്.

നായികയെക്കുറിച്ചും മറ്റു താരങ്ങളെക്കുറിച്ചുമൊന്നുമുള്ള വിവരങ്ങള്‍ ജമാല്‍ പുറത്തുവിട്ടിട്ടില്ല. കൊച്ചി, ബാംഗ്ലൂര്‍, ദില്ലി, മൈസൂര്‍ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്യുക. ഇതിനിടെ മമ്മൂട്ടിയുടെ മംഗ്ലീഷ്, മുന്നറിയിപ്പ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളെല്ലാം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











