മംഗ്ലീഷില്‍ കൊച്ചി സ്ലാങ്ങുമായി മമ്മൂട്ടി
മലയാളസിനിമ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ പ്രാദേശിക ഭേദങ്ങളെ സ്വീകരിക്കുകയാണ്. കണ്ണൂരിന്റെയും കോഴിക്കോടിന്റെയും കൊച്ചിയുടെയും പശ്ചാത്തലത്തില്‍ നടക്കുന്ന കഥകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ഒരു പ്രത്യേക സ്ഥലത്ത് നടക്കുന്ന കഥ പറയുമ്പോള്‍ അവിടുത്തെ ഭാഷാഭേദമുള്‍പ്പെടെയുള്ള പ്രത്യേകതകള്‍ സിനിമയിലേയ്ക്ക് പകര്‍ത്താന്‍ ഇപ്പോള്‍ സംവിധായകരും തിരക്കഥാകൃത്തുക്കളുമെല്ലാം ശ്രമിക്കുന്നുണ്ട്.
സൂപ്പര്‍താരം മമ്മൂട്ടി ഇത്തരത്തില്‍ പല ഭാഷാഭേദങ്ങളും പല സിനിമകളിലും പറഞ്ഞുകഴിഞ്ഞു. തിരുവനന്തപുരം മലയാളവും കണ്ണൂര്‍, കാസര്‍ക്കോട് ഭാഷാഭേദങ്ങളും മമ്മൂട്ടി അടിപൊളിയായികൈകാര്യം ചെയ്തു. ഇപ്പോഴിതാ കൊച്ചി സ്ലാങ്ങ് പറയാന്‍ തയ്യാറെടുക്കുകയാണ് താരം.

സലാം ബാപ്പു ഒരുക്കുന്ന മംഗ്ലീഷ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി കൊച്ചിയുടെ സ്വന്തം ശൈലിയില്‍ സംസാരിക്കാന്‍ പോകുന്നത്. ചിത്രത്തില്‍ കടപ്പുറത്തുനിന്നും മത്സ്യം ലേലത്തിനെടുത്ത് വില്‍പ്പനനടത്തുന്നയാളുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നേരത്തേ മംഗ്ലീഷില്‍ മമ്മൂട്ടി മുറി ഇംഗ്ലീഷ് പറയുന്ന കഥാപാത്രമായിട്ടാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ സത്യമില്ലെന്നും ഭാഷ നേരാംവണ്ണം ഉപയോഗിക്കാനറിയാത്തിനാല്‍ ജീവിതത്തില്‍ പരാജയപ്പെട്ടുപോയ ഒരു കഥാപാത്രമാണ് മംഗ്ലീഷില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും സംവിധായകന്‍ സലാം ബാപ്പു വ്യക്തമാക്കി.
നെതര്‍ലാന്‍ഡുകാരിയായ നടി കാരലിന്‍ ബെക് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇംഗ്ലീഷ് മാത്രം പറയാനറിയുന്ന വിനോദസഞ്ചാരിയായിട്ടാണ് കാരലിന്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രമാകട്ടെ ഇംഗ്ലീഷിനെ ഭയപ്പെടുന്നയാളും.
മലയാളം മാത്രമറിയുന്ന മാലിക് ഭായിയുമായി കാരലിന് അടുത്തിടപഴകേണ്ടിവരുന്നു. അവരുടെ സംസാരവും സൗഹൃദവുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്- സംവിധായകന്‍ പറയുന്നു. ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തുമായിട്ടാണ് മംഗ്ലീഷിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.


Click it and Unblock the Notifications











