ലാല്‍ ഇച്ചാക്കയെന്ന് വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്! പിറന്നാളാശംസയുമായി മമ്മൂട്ടി
മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിന്റെ അറുപതാം ജന്മദിനം ആണിന്ന്. സൂപ്പര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. നാല് പതിറ്റാണ്ടിലേറെയായി മലയാളികളെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടനവിസ്മയത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് എല്ലാവരും. മോഹന്‍ലാലിന് ആദരമര്‍പ്പിച്ചുളള വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു.
Recommended Video
ലോക് ഡൗണ്‍ കാലം ചെന്നൈയിലെ വസന്തിയില്‍ കുടുംബത്തിനൊപ്പമാണ് മോഹന്‍ലാലുളളത്. ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പമാണ് ഇത്തവണത്തെ ലാലേട്ടന്റെ പിറന്നാള്‍ ആഘോഷം. താരത്തിന്റെ ഷഷ്ടിപൂര്‍ത്തിയുമായി ബന്ധപ്പെട്ട് ഫാന്‍സ് അസോസിയേഷനുകള്‍ വലിയ ആഘോഷ സഹായ പദ്ധതികള്‍ ചെയ്യുന്നുണ്ട്.

ലാലേട്ടന് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള സഹതാരങ്ങളുടെ ആശംസകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. അധികപേരും അദ്ദേഹവുമൊത്തുളള ഓര്‍മ്മകളും ജന്മദിനത്തില്‍ പങ്കുവെച്ചിരുന്നു. എറ്റവുമൊടുവില്‍ മോഹന്‍ലാലിന് ജന്മദിനാശംസ നേര്‍ന്ന് സുഹൃത്തും സഹതാരവുമായ മമ്മൂട്ടിയും എത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മമ്മൂട്ടി മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ വാക്കുകളിലേക്ക്: ലാലിന്റെ ജന്മദിനമാണ്. ഞങ്ങള്‍ പരിചയമായിട്ട് ഏകദേശം 37 വര്‍ഷങ്ങള്‍ കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്നുവരെ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നത് പോലെയാണ് ലാലെന്നെ സംബോധന ചെയ്യുന്നത്. ഇച്ചാക്കാ. പലരും ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്രത്തോളം സന്തോഷം തോന്നാറില്ല. പക്ഷേ ലാല്‍ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളില്‍ ഒരാള്‍ എന്ന തോന്നല്‍. സിനിമയില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരു പേരായിരുന്നു.

ജീവിതത്തില്‍ അന്ന് ഞങ്ങള്‍ അത്ര ഗൗരവമുളള ആളുകളായിരുന്നില്ല. കോളേജ് വിദ്യാര്‍ത്ഥികളെ പോലെ ആടിയും പാടിയും, തൊഴിലിനോട് പക്ഷേ രണ്ടാള്‍ക്കും ഗൗരവമേറിയ സമീപനമായിരുന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം ഒകെ സ്വന്തം വീട്ടിലെ വിവാഹം പോലെ ലാല്‍ നടത്തി തന്ന കാര്യങ്ങളാണ്. അപ്പുവിന് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുംമുമ്പ് എന്റെ വീട്ടില്‍ വന്ന് അനുഗ്രഹവും സ്‌നേഹവും പ്രാര്‍ത്ഥനയും വാങ്ങി.

സിനിമാ താരങ്ങള്‍ എന്നതിലപ്പുറം ഞങ്ങള്‍ക്കുളളില്‍ ഒരു സൗഹൃദം വളര്‍ന്നിരുന്നു. ഈ യാത്ര നമുക്ക് തുടരാം. ഇനിയെത്ര കാലം എന്നറിയില്ല. പക്ഷേ ഉളള കാലത്തോളം നമുക്കിത് തുടരാം. പുഴയൊഴുകുന്ന പോലെ കാറ്റ് വീശുന്നത് പോലെയായിരുന്നു നമ്മുടെ യാത്ര. നമ്മുടെ ജീവിത പാഠങ്ങള്‍ നമുക്ക് പിന്നാലെ വരുന്നവര്‍ക്ക് അറിയാനും അനുഭവിക്കാനുമുളള പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍. മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.


Click it and Unblock the Notifications