മമ്മൂട്ടി കമലിനൊപ്പം വീണ്ടും കുടുംബത്തേക്ക്
കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു ചിത്രവും ഈ വര്‍ഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ട് സിനിമയില്‍ കോമഡി ചെയ്താല്‍ ഒരു കുടുംബ ചിത്രം, ഒരു ആക്ഷന്‍ എന്നൊരു ബാലന്‍സിംഗിന് മമ്മൂട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കുടുംബ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു കഥാപാത്രവും ഈ വര്‍ഷം മമ്മൂട്ടിക്ക് ലഭിച്ചില്ല.
ബോക്സോഫീസില്‍ വിജയത്തിന്റെ ഗ്രാഫില്‍ നില എങ്ങനെയായിരുന്നാലും കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ ചില വേഷങ്ങള്‍ മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. കമലിന്റെ കറുത്ത പക്ഷികളും, ബ്ലെസ്സിയുടെ പളുങ്കും കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച മമ്മൂട്ടി ചിത്രങ്ങളായിരുന്നു. 2006ല്‍ രാജമാണിക്യം പോലുള്ള തട്ടുപൊളിപ്പന്‍ കോമഡി സിനിമകളില്‍ തകര്‍ക്കുമ്പോഴും കമലിന്റെ രാപ്പകലിലൂടെ കുടുംബ പ്രേക്ഷകരുടെ നടനായി പ്രത്യക്ഷപ്പെടാനും മമ്മൂട്ടിക്ക് കഴിഞ്ഞു.
എന്നാല്‍ ഈ വര്‍ഷം അത്തരമൊരു ചിത്രവും മമ്മൂട്ടിക്കുണ്ടായില്ല. മായാവി ഒരു കോമഡി-ആക്ഷന‍് പാറ്റേണിലുള്ള തട്ടുപൊളിപ്പന്‍ ചിത്രമായിരുന്നെങ്കില്‍ ബിഗ് ബിയും മിഷന്‍ 90 ഡേയ്സും ആക്ഷന്‍ ചിത്രങ്ങളായിരുന്നു. കയ്യൊപ്പും ഒരേ കടലും പ്രേക്ഷകര്‍ ഒട്ടും ശ്രദ്ധിക്കാതെ പോയ ഓഫ് ബിറ്റ് ചിത്രങ്ങളും. നസ്രാണിയിലും കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളൊന്നുമുണ്ടായിരുന്നില്ല.
മറ്റൊരു ഫാമിലി ഡ്രാമ എന്ന ലക്ഷ്യത്തോടെയാണ് മമ്മൂട്ടി കമലുമായി വീണ്ടും ഒന്നിക്കുന്നത്. രാപ്പകലിനും കറുത്ത പക്ഷികള്‍ക്കു ശേഷം വീണ്ടുമൊരു കമല്‍-മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടെ 2008ലെ ആദ്യപ്രൊജക്ടുകളിലൊന്നായിരിക്കും ഇത്. റിലയന‍്സ് ഗ്രൂപ്പിന്റെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ആഡ് ലാബ്സിന്റെ ആദ്യത്തെ മലയാള ചിത്രമായിരിക്കും ഇത്.


Click it and Unblock the Notifications