മമ്മൂക്കയുടെ അമുദവന്‍ വിസ്മയിപ്പിക്കും! പേരന്‍പ് അടുത്ത വര്‍ഷം തിയ്യേറ്ററുകളിലേക്ക്! റിലീസ് ഡേറ്റ്
Recommended Video

മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴില്‍ തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു പേരന്‍പിന് ലഭിച്ചുകൊണ്ടിരുന്നത്. റിലീസിനെത്തുന്നതിന് മുന്‍പായി നിരവധി ചലച്ചിത്ര മേളകളില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദേശത്ത് നടന്ന ചലച്ചിത്രോത്സവങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളായിരുന്നു പേരന്‍പ് നേടിയെടുത്തിരുന്നത്.
അമുദവനായി മമ്മൂക്ക വിസ്മയിപ്പിച്ചുവെന്നു തന്നെ പ്രേക്ഷകാഭിപ്രായങ്ങള്‍ വന്നിരുന്നു. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ആദ്യ ഇന്ത്യന്‍ പ്രീമിയര്‍
നടന്നിരുന്നത്. അവിടെയും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു പേരന്‍പിന് ലഭിച്ചിരുന്നത്. സിനിമ കണ്ട പ്രേക്ഷകരും ചലച്ചിത്ര പ്രവര്‍ത്തകരും അടക്കം പേരന്‍പിനെ പുകഴ്ത്തികൊണ്ട് സംസാരിച്ചിരുന്നു. സിനിമയുടെ തിയ്യേറ്റര്‍ റിലീസിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. അതേസമയം ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

പേരന്‍പ്
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരന്‍പ്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുന്നത്. ചിത്രത്തില്‍ അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് മമ്മൂക്കയെത്തുന്നത്. അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വൈകാരികത ഏറെയുളള ഒരു കുടുംബ ചിത്രം കൂടിയാണ് മമ്മൂക്കയുടെ പേരന്‍പ്. മികച്ചൊരു പ്രമേയം പറയുന്ന പേരന്‍പ് കലാമൂല്യമുളള സിനിമകളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്.

മറ്റു താരങ്ങള്‍
മമ്മൂക്കയ്‌ക്കൊപ്പം അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും പേരന്‍പ് മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെയും ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.മുന്‍പ് നടന്‍ മോഹന്‍ലാല്‍ അടക്കമുളളവര്‍ ചിത്രം ആദ്യ ദിനം തന്നെ കാണണമെന്നുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

റിലീസ് ഡേറ്റ്
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരി 28ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ജനുവരി അഞ്ചിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവിധ ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് സിനിമ റിലീസിനെത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് 2 മണിക്കൂര്‍ 27 മിനുട്ട് ദൈര്‍ഘ്യമാണുളളത്.

പാട്ടുകള്‍ക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണം
ഇളയരാജയുടെ മകന്‍ യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കു ന്നത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സാധനയും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമ കണ്ട പ്രേക്ഷകരെല്ലാം അടുത്ത ദേശീയ അവാര്‍ഡ് പേരന്‍പിലൂടെ മമ്മൂക്കയ്ക്ക് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications