പ്രണയത്തിന്റെ കാവല്‍ക്കാരന്‍ എത്തുന്നു
മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഷിബു ഗംഗാധരന്റെ കന്നിച്ചിത്രമായ പ്രെയ്‌സ് ദി ലോര്‍ഡ്. എഴുത്തുകാരന്‍ സക്കറിയയുടെ നോവലിന്റെ ആധാരമാക്കിയെടുക്കുന്ന ഈ ചിത്രം ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടിയും മുകേഷും തമ്മിലുള്ള സംസാരത്തോടെ തുടങ്ങുന്ന ടീസര്‍ രസകരമാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ശൈലി ടീസറില്‍ നിന്നും മനസിലാക്കാനും കഴിയും.
മമ്മൂട്ടി കോട്ടയത്തുകാരന്‍ അച്ചായനായി എത്തുന്നുവെന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ജോയി എന്ന തനി നാട്ടുമ്പുറത്തുകാരന്‍ കഥാപാത്രമായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റീനു മാത്യൂസാണ് ചിത്രത്തില്‍ നായികയായി, അതായത് മമ്മൂട്ടിയുടെ ഭാര്യയായി എത്തുന്നത്.
ജോയിയും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിലേയ്ക്ക് ഒടിച്ചോടി കല്യാണം കഴിയ്ക്കാന്‍ തീരുമാനിച്ച കമിതാക്കള്‍ വന്നെത്തുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അഹമ്മദ് സിദ്ദിഖ്, ആകാംഷ പുരി എന്നിവരാണ് കമിതാക്കളായി എത്തുന്നത്.
സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, സാദിഖ്, മുകേഷ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം കലാഭവന്‍ ഷാജോണിന്റെ ഫാദര്‍ ആന്റണിയാണ്. ദൃശ്യത്തിലൂടെ വന്‍ ചലനം സൃഷ്ടിച്ച ഷാജോണിന്റെ അമ്പരപ്പിക്കുന്ന മേക്കോവറാണ് ഫാദര്‍ ആന്റണി. ടിപി ദേവരാജന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ഗാലക്‌സ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ച് 14ന് തിയേറ്ററുകളിലെത്തും.
അവര്‍ പ്രണയത്തിന്റെ അഭയാര്‍ത്ഥികള്‍...അയാളോ പ്രണയത്തിന്റെ കാവല്‍ക്കാരനും എന്നരസകരമായ ടാഗ്ലൈനുമായിട്ടാണ് ചിത്രമെത്തുന്നത്. എന്തായാലും മമ്മൂട്ടിയുടെ ഒട്ടേറെ രസകരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചേയ്ക്കാവുന്ന മനോഹരമായ ഒരു ചിത്രമായിരിക്കും ഇതെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications












