സയലന്‍സില്‍ ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ ആക്ഷന്‍
മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ക്ക് സിനിമയോടുള്ള അഭിനിവേശത്തെക്കുറിച്ചും ആത്മാര്‍ത്ഥതയെക്കുറിച്ചുമൊന്നും പ്രത്യേകിച്ച് പറയേണ്ടതില്ല. കാലങ്ങളായി പലചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ മനസിലാക്കിക്കഴിഞ്ഞകാര്യമാണിത്. ഇക്കാര്യത്തില്‍ മമ്മൂട്ടിയാണ് മുന്നില്‍ മോഹന്‍ലാലാണ് മുന്നില്‍ എന്ന തരത്തിലുള്ള വാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. രണ്ടുപേരും അവരവരുടേതായ രീതികളും കഴിവുകളുമായി സൂപ്പര്‍താരങ്ങളായവരാണ്. സൂപ്പര്‍താരങ്ങളാണെങ്കിലും ഓരോ ചിത്രത്തിലെയും സീനുകള്‍ കുറ്റമറ്റതും പരിപൂര്‍ണതയുള്ളതുമാക്കാന്‍ രണ്ടുപേരും എന്ത് റിസ്‌കും എടുക്കാന്‍ തയ്യാറാവാറുണ്ട്.
ഇതാ പുതിയ ചിത്രമായ സയലന്‍സില്‍ മമ്മൂട്ടി ഒരു സീനിന്റെ പെര്‍ഫെക്ഷനുവേണ്ടി ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ വളരെ ത്രില്ലിങ് ആയ ഒരു കാര്‍ ചേസ് രംഗത്തിലാണ് മമ്മൂട്ടി ഡ്യൂപ്പില്ലാതെ അഭിനയിച്ചിരിക്കുന്നത്. കഥാഗതിയില്‍ ഏറെ പ്രാധാന്യമുള്ള ഈ സീനില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തും വണ്ണമുള്ള പ്രകടനമാണത്രേ മമ്മൂട്ടി നടത്തിയിരിക്കുന്നത്. ഒരു കിലോമീറ്ററോളം ദീരും അതിവേഗത്തില്‍ കാര്‍ പിന്നോട്ട് ഓടിച്ചാണ് മമ്മൂട്ടി കാര്‍ ചേസ് രംഗം മനോഹരമാക്കിയത്.
ഏറെ ബുദ്ധിമുട്ടുള്ള ഈ റിവേഴ്‌സ് ഡ്രൈവ് വളരെ അനായാസകരമായിട്ടാണ് മമ്മൂട്ടി ചെയ്തുതീര്‍ത്തതെന്നാണ് സെറ്റിലുണ്ടായരുന്നവര്‍ പറയുന്നത്. ഈ രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടതില്ലെന്ന് മമ്മൂട്ടിതന്നെ പറയുകയായിരുന്നുവത്രേ. ത്രില്ലറായ സയലന്‍സില്‍ ഏറെ സാഹസിക രംഗങ്ങള്‍ ഉണ്ടെന്നുള്ളകാര്യം ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നുതന്നെ മനസിലാക്കാന്‍ കഴിയും. തീര്‍ത്തും വ്യത്യസ്തമായ ഗറ്റപ്പുമായി മമ്മൂട്ടിയെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്.


Click it and Unblock the Notifications












