വിഷുവിന് റാസ്‌കല്‍ വരും
മനുഷ്യ സ്‌നേഹിയും നന്മ നിറഞ്ഞവുമാണെങ്കിലും തെറ്റിദ്ധരിക്കപ്പെട്ട് റാസ്‌കലെന്നു മുദ്രകുത്തിപ്പോയവനാണ് ഭാസ്‌കര്‍. സമ്പന്ന കുടുംബത്തിലാണു പിറന്നതെങ്കിലും അച്ഛനുണ്ടാക്കിയ കടം കാരണം എല്ലാം നഷ്ടപ്പെട്ട് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് കഠിനപ്രയത്‌നത്തിലൂടെ ജീവിതം പടുത്തുയര്‍ത്തി കോടീശ്വരനായി. എന്നാലം ജീവിതം വളരെ ലളിതം. അച്ഛന്‍ ആരുടെ മുന്നിലും തലകുനിക്കുന്നതു കാണാന്‍ ഭാസ്‌കറിനു ഇഷ്ടമല്ല.
അടിക്ക് അടി, ഇടിക്കു ഇടി ഇതാണു അയാളുടെ രീതി. അച്ഛന്റെ പേരിലാണ് എല്ലാ ബിസിനസും. ഒന്നും സ്വന്തം പേരിലല്ല. ഇങ്ങനെ അച്ഛനെ സ്‌നേഹിക്കുന്ന ആളാണു ഭാസ്‌കര്‍. അച്ഛന്‍ ശങ്കരനാരാണനും ഭാസ്‌കറും അനുജന്‍ ആദിയും ഉള്ള ജീവിതത്തിലേക്കു ഹിമ വരുന്നതോടെ അവരുടെ ജീവിതമാകെ മാറുന്നു. അതാണ് സിദ്ദീഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌കല്‍.

ഭാസ്‌കറായി മമ്മൂട്ടിയും അച്ഛനായി ജനാര്‍ദ്ദനനും. ഭാസ്‌കറിന്റെ ഡ്രൈവറായ സ്‌റ്റെന്‍സിലാവോസ് ആയി ഹരിശ്രീ അശോകനും ഗുണ്ടയായ അബ്ദുല്‍ റസാഖ് ആയി കലാഭവന്‍ ഷാജോണും അഭിനയിക്കുന്നു.
ഹിറ്റ്‌ലറിനും ക്രോണിക് ബാച്ചിലറിനും ശേഷം മമ്മൂട്ടിയെ പൂര്‍ണമായും ഉപയോഗപ്പെടുത്തി സിദ്ദീഖ് ഒരുക്കുന്ന ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍. ആക്ഷനും ഹ്യൂമറും ഇമോഷണലുമുള്ളൊരു ചിത്രമാണിത്. നായകന്റെ ഹീറോയിസത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. നായികയായി നയന്‍താരയാണ്. ബോഡിഗാര്‍ഡിനു ശേഷം നയന്‍താര സിദ്ദീഖിന്റെ ചിത്രത്തില്‍ നായികയായി എത്തുകയാണ്.
വിഷുവിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്‍ഡ് ജന്റില്‍മാനു ശേഷം സിദ്ദീഖ് ഒരുക്കുന്ന ചിത്രമാണിത്. നൂറുശതമാനം മമ്മൂട്ടി ചിത്രമാണിത്.


Click it and Unblock the Notifications