ഇടിനാദം മുഴങ്ങട്ടെ...മംമ്തയുമായി കൈകോര്‍ത്ത് ഏകലവ്യന്‍റെ ലോകമേ, ട്രെയിലർ പുറത്തിറക്കി ഡിക്യു
ലോക്ക് ഡൗൺ കാലത്ത് ആർജെ ഏകലവ്യൻ സുഭാഷ് പാടി സോഷ്യൽ മീഡിയയിൽ വൈറൽ ആയ 'ലോകമേ' എന്ന റാപ് സോങ്, മ്യൂസിക് സിംഗിൾ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് നടി മംമ്ത മോഹൻദാസ് നിര്‍മ്മാണ രംഗത്തേക്ക്. ലോകമേയുടെ ട്രെയിലർ നടൻ ദുൽഖര്‍ സൽമാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. ഗാനത്തിന്‍റെ പൂര്‍ണ്ണരൂപം ഉടൻ പുറത്തിറങ്ങും. ഏകലവ്യൻ തന്നെയാണ് മ്യൂസിക് സിംഗിളിൽ റാപ്പുമായി എത്തിയിരിക്കുന്നത്. പവർ പാക്ക്ഡ് ഗാനമാണ് ഇതെന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നു.

മംമ്ത മോഹൻദാസ് പ്രൊഡക്ഷന്‍റെ ബാനറിൽ മംമ്ത മോഹൻദാസും നോയൽ ബെന്നും ചേര്‍ന്ന് നിർമിക്കുന്ന ഈ മ്യൂസിക് സിംഗിളിൽ പ്രഗത്ഭരായ ഒട്ടേറെ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്നുണ്ട്. വിഷ്വൽ എഫക്ട്സ് മേഖലയിൽ വളരെ കാലത്തെ പ്രവർത്തന പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിന് അനിയോജ്യമായ കോൺസെപ്റ്റ് തയാറാക്കി മ്യൂസിക് സിംഗിൾ സംവിധാനം ചെയ്ത് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
വിനീത് കുമാർ മെട്ടയിൽ സംഗീതം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഏകലവ്യൻ തന്നെയാണ്. ആമേൻ, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഛായാഗ്രാഹകൻ ആയി മാറിയ അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നു. ദേശീയ അവാർഡ് ജേതാവും ഈ വർഷത്തെ കേരള സംസ്ഥാന അവാർഡിനും അർഹനായ പ്രസന്ന മാസ്റ്റർ ആണ് നൃത്ത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ ദേശീയ അവാർഡ് ജേതാവ് ബംഗ്ലാൻ നിര്‍വ്വഹിച്ചിരിക്കുന്നു.
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന പ്രത്യേകതയോടെയാണ് 'ലോകമേ' പുറത്തിറങ്ങാൻ ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോജ് വസന്തകുമാർ, വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് കോക്കനട് ബഞ്ച് ക്രീയേഷൻസ്, മ്യൂസിക് മാസ്റ്ററിങ് അച്ചു രാജാമണി, സൗണ്ട് എഫക്ട്സ് സംസ്ഥാന അവാർഡ് ജേതാക്കളായ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കളറിംഗ് ശ്രിക് വാരിയർ, ലൈൻ പ്രൊഡ്യൂസർ ജാവേദ് ചെമ്പ്, വാർത്താ പ്രചരണം ആതിര ദിൽജിത്ത് എന്നിവരാണ്. നേരത്തെ തന്റെ നിര്‍മ്മാണ സംരംഭത്തെ കുറിച്ച് മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.


Click it and Unblock the Notifications