മംമ്ത അവസാന കീമോ തെറാപ്പിയ്ക്ക് തയ്യാറെടുക്കുന്നു
ലോക ക്യാന്‍സര്‍ ദിനത്തില്‍ നടി മംമ്ത മോഹന്‍ദാസിന്റെ ട്വീറ്റ്. താന്‍ അവസാനകീമോ തെറാപ്പിയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നകാര്യം വ്യക്തമാക്കിയ മംമ്ത ഹാപ്പി വേള്‍ഡ് ക്യാന്‍സര്‍ ഡേ എന്നുകൂടി ട്വീറ്റില്‍ എഴുതിയിട്ടുണ്ട്. ട്വിറ്ററിലൂടെ തന്റെ ഏറ്റവും പുതിയ ചിത്രവും ലോക ക്യാന്‍സര്‍ ദിനമായ ഫെബ്രുവരി 4ന് മംമ്ത പുറത്തുവിട്ടിട്ടുണ്ട്.
ക്യാന്‍സറിന് മുന്നില്‍ കരുത്തോടെ പോരാടുകയും രോഗചികിത്സയ്ക്കിടെയും അതിനുശേഷവും സിനിമയില്‍ സജീവമാവുകയും ചെയ്ത മംമ്ത മോഹന്‍ദാസ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്‍വര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു മംമ്തയില്‍ ക്യാന്‍സര്‍ബാധയുണ്ടെന്നകാര്യം കണ്ടെത്തിയത്. പിന്നീട് നീണ്ടകാലം ചികിത്സനടത്തിയ മംമ്ത രോഗവിമുക്തി നേടി തിരിച്ചെത്തി, വീണ്ടും സിനിമകളില്‍ സജീവമായി.

എന്നാല്‍ പിന്നീട് ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിത്തിന്റെ ഷൂട്ടിങ്ങിനിടെ വീണ്ടും ക്യാന്‍സര്‍ബാധയുണ്ടെന്ന് തിരിച്ചറിയുകയും ചികിത്സ തുടങ്ങുകയുമായിരുന്നു. തന്നില്‍ വീണ്ടും രോഗബാധയുണ്ടെന്നകാര്യവും ചികിത്സയിലാണെന്നകാര്യവുമെല്ലാം ട്വിറ്ററിലൂടെ തന്നെയായിരുന്നു മംമ്ത എല്ലാവരെയും അറിയിച്ചത്.
അധികം വൈകാതെ താന്‍ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്ന് മംമ്ത നേരത്തേ അറിയിച്ചിരുന്നു. രോഗചികിത്സയ്ക്കിടെ ഒരിക്കല്‍പ്പോലും അതിന്റെ വിഷമതകളോ, നിരാശയോ പ്രകടിപ്പിക്കാതെ രോഗാവസ്ഥ തരണം ചെയ്ത മംമ്തയുടെ ബോള്‍ഡ്‌നസ് രാജ്യത്താകെ പ്രശംസിക്കപ്പെട്ടിരുന്നു. ഇത്തവണയും രോഗത്തെ തോല്‍പ്പിച്ച് പൂര്‍വ്വാധികം ഉത്സാഹത്തോടെ മംമ്തയ്ക്ക് തിരിച്ചെത്താനാവട്ടെയെന്ന് ആശംസിയ്ക്കാം.


Click it and Unblock the Notifications











