എന്നെ അത്രയും മോശക്കാരിയാക്കി! ആക്രമണങ്ങള്‍ മാത്രമുള്ള ഒരു കാലഘട്ടം തന്നെ ഉണ്ടായിരുന്നുവെന്ന് മഞ്ജു സുനിച്ചന്‍
ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതിന് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട നടിയാണ് മഞ്ജു സുനിച്ചന്‍. സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി പങ്കെടുത്ത് കൊണ്ടിരുന്ന നടി ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് വിവാദങ്ങളില്‍ കുടുങ്ങിയത്. ആ സമയത്തുണ്ടായ സൈബര്‍ ആക്രമണങ്ങളെ പറ്റി പറയുകയാണ് മഞ്ജുവിപ്പോള്‍.
അന്ന് ഫോണ്‍ എടുത്ത് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതുപോലെയാണ് പലരും തന്നെ ആക്രമിച്ചിരുന്നത്. മാത്രമല്ല താന്‍ ബിഗ് ബോസിലേക്ക് പോകാനുണ്ടായ ലക്ഷ്യത്തെ പറ്റിയും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മഞ്ജു വ്യക്തമാക്കുന്നു.

തനിക്ക് ജീവിതം തന്നെ വെറുത്ത് പോയ ഒരു കാലഘട്ടം തന്നെ ഉണ്ടായിരുന്നു. അത് ബിഗ് ബോസിന് ശേഷമാണെന്നാണ് മഞ്ജു പറയുന്നത്. മാസങ്ങളോളമാണ് ഞാന്‍ സൈബര്‍ ബുള്ളിയിങ്ങ് അനുഭവിച്ചത്. വേറെ ആര്‍ക്കെങ്കിലും അങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. ഞാന്‍ ചെയ്തത് ശരിയായില്ലെന്ന് എന്റെ മുഖത്ത് നോക്കിയിട്ട് പറയുകയാണെങ്കില്‍ അതിന്റെ ന്യായം എനിക്ക് പറയാന്‍ പറ്റും.
ഇത് എനിക്ക് അറിയാത്ത, മുഖമില്ലാത്ത മനുഷ്യര്‍ ഇരുന്ന് അനാവശ്യങ്ങള്‍ പറയുകയാണ്. എന്നെ മാത്രമല്ല ഒന്നും അറിയാത്തെ എന്റെ കുഞ്ഞിനെയും മാതാപിതാക്കളെയും സഹോദരങ്ങളെയുമൊക്കെ മോശക്കാരാക്കാനും ശ്രമിക്കുകയായിരുന്നു. അങ്ങനൊരു സാഹചര്യത്തില്‍ ഞാന്‍ ഇല്ലാതായി പോയെന്നാണ് മഞ്ജു പറയുന്നത്.
എനിയെന്ത് ചെയ്യുമെന്ന് ആ സമയത്താണെങ്കില്‍ ലോക്ഡൗണ്‍ കൂടിയാണ്. എനിക്ക് മരിക്കാന്‍ പേടിയാണ്. അതുകൊണ്ട് വളരെ വിരളമായിട്ടേ അങ്ങനെ ചിന്തിക്കാറുള്ളു. പണ്ടൊക്കെ ചത്ത് കളഞ്ഞാലോ എന്ന് വിചാരിച്ചിട്ടുണ്ട്. ഈ സംഭവത്തോടെ എനിക്ക് തോന്നിയത് ഇവിടുന്ന് എങ്ങോട്ടെങ്കിലും പോയിട്ട് ഒറ്റയ്ക്ക് ജീവിക്കാമെന്നാണ്.
ഞാന്‍ അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ്. എന്റെ വ്യക്തി ജീവിതത്തെയും തൊഴിലിനെയുമൊക്കെ വളരെ മോശമായിട്ടാണ് ചിലര്‍ ചിത്രീകരിച്ചത്. അന്ന് ഫോണ്‍ തുറന്നാല്‍ ഇത് മാത്രമാണ്. ഒരു പ്രാവിശ്യം കണ്ടാല്‍ പിന്നെ റെക്കമന്റേഷനിലും ഇതൊക്കെ തന്നെ വരും. ഫോണ്‍ കുറച്ച് നാളത്തേക്ക് നോക്കണ്ടെന്ന് എന്റെ മകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫോണ്‍ വിളിച്ചിട്ട് വരെ ചിലര്‍ എന്നോട് ഇതേ കാര്യം പറയാന്‍ തുടങ്ങി.

ഞാനിതൊക്കെ വളരെ നിസാരമായിട്ടാണ് എടുത്തതെന്ന് കരുതി ഇത്തരം വാര്‍ത്തകള്‍ സുഹൃത്തുക്കള്‍ പോലും എനിക്ക് ഷെയര്‍ ചെയ്ത് തരാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് ആകെ തകര്‍ന്ന് പോയതെന്ന് മഞ്ജു സുനിച്ചന്‍ പറയുന്നു. ബിഗ് ബോസിലേക്ക് ഇനി പോകുമോന്ന് ചോദിച്ചാല്‍ അതെന്റെ സാമ്പത്തികാവസ്ഥ എങ്ങനെയിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.
ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് എനിക്ക് ഭയങ്കര സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാനൊരു എമൗണ്ട് ചാനലിനോട് പറഞ്ഞു. അവരത് സമ്മതിച്ചു. അതുകൊള്ളാമെന്ന് തോന്നി. കാരണം അത്രയും പൈസ കിട്ടുന്ന വേറൊരു പരിപാടി എനിക്കില്ലായിരുന്നു. ഒരു നടിയുടെ ദിവസ വരുമാനം എത്രയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. അതാണ് ഷോ യിലേക്ക് പോകാന്‍ കാരണമെന്നാണ് മഞ്ജു പറയുന്നത്.
വളരെ ഈസിയായി ബിഗ് ബോസിലൂടെ പോകാമെന്നാണ് കരുതിയതെങ്കിലും അങ്ങനെയായിരുന്നില്ല. ദിവസവും കിട്ടുന്ന പ്രതിഫലത്തെ കുറിച്ചല്ലാതെ വേറൊന്നിനെ പറ്റിയും ഞാന്‍ ചിന്തിച്ചിരുന്നില്ല. നൂറ് ദിവസം അതിനകത്ത് നില്‍ക്കുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് വരുമെന്നാണ് കരുതിയത്. പക്ഷേ അമ്പത് ദിവസം നിന്നുവെന്നും മഞ്ജു പറയുന്നു.


Click it and Unblock the Notifications