ആരൊക്കെ തമ്മിലുളള സംഭാഷണം ആണിത്? ആരാധകരോട് മഞ്ജു വാര്യരുടെ ചോദ്യം
ഒരിടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ഒന്നിക്കുന്ന എറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. മഞ്ജുവിന്റെ ചേട്ടന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അടുത്തിടെയാണ് തുടക്കമായത്. മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണ് ലളിതം സുന്ദരം. ഷൂട്ടിംഗ് പുരോഗമിക്കവേ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയൊരു ചിത്രം മഞ്ജു പങ്കുവെച്ചിരുന്നു. ചേട്ടനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

മധു വാര്യര്‍ക്കാപ്പമുളള ഫോട്ടോയ്‌ക്കൊപ്പം ചില ചോദ്യങ്ങളും മഞ്ജു വാര്യര്‍ കുറിച്ചിരുന്നു. സംവിധായകനും അഭിനേതാവും തമ്മിലുളള സംഭാഷണമോ, സംവിധായകനും നിര്‍മ്മാതാവും തമ്മിലുളള ചര്‍ച്ചയാണോ, അതോ ചേട്ടനും അനിയത്തിയും തമ്മിലുളള സംസാരമാണോ എന്ന് മഞ്ജു ചോദിക്കുന്നു. നിങ്ങള്‍ അതിനുത്തരം പറയൂ എന്നും മഞ്ജു കുറിച്ചു. മഞ്ജുവിന്റെ പോസ്റ്റിന് പിന്നാലെ നിരവധി ആരാധകര്‍ കമന്റുകളുമായി എത്തിയിരുന്നു. നടിയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം മൗണ്ട് ബംഗ്ലാവ്, വണ്ടിപെരിയാര്‍ സത്രം തുടങ്ങിയിവിടങ്ങളാണ് ലളിതം സുന്ദരത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സെഞ്ചുറിയുടെ സഹകരണത്തോടെയാണ് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി സിനിമ നിര്‍മിക്കുന്നത്. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും എഴുതിയിരിക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ബിജു മേനോനും മഞ്ജുവിനും പുറമെ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരും ലളിതം സുന്ദരത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജു മേനോനും മഞ്ജു വാര്യരും ഒന്നിക്കുന്ന ഒരു സിനിമ വരുന്നത്. മലയാളത്തില്‍ മുന്‍പ് അഭിനേതാവായി തിളങ്ങിയ താരമാണ് മധു വാര്യര്‍. നായകനായും സഹനടനായും മധു വാര്യര്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. ഏറെനാളത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ആദ്യ സംവിധാന സംരംഭവുമായി നടന്‍ എത്തുന്നത്. പ്രതി പൂവന്‍ കോഴിയാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ ലൂസിഫറിലും ധനുഷിന്റെ അസുരനിലും നായികയായി മഞ്ജു വാര്യര്‍ തിളങ്ങിയിരുന്നു. ലളിതം സുന്ദരത്തിനൊപ്പം മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ്.


Click it and Unblock the Notifications