രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല! കലയാണ് തന്റെ രാഷ്ട്രീയം! വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു
സിനിമാത്തിരക്കുകള്‍ക്കിടെ നടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോവുകയാണെന്ന തരത്തില്‍ ഇന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു,. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നടി താല്‍പര്യം പ്രകടിപ്പിച്ചതായാണ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് പറഞ്ഞുകൊണ്ട് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മാതൃഭൂമി ഡോ.കോമിനോട് ആയിരുന്നു മഞ്ജു വാര്യര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പദ്ധതിയുമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കന്മാര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും നടി പറയുന്നു.

നിലവില്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണുളളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമോ വിധേയത്വമോ ഇല്ല. കലയാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.
നേരത്തെ ചില വാര്‍ത്താ ചാനലുകളും വെബ്‌സൈറ്റുകളും ആയിരുന്നു നടി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോവുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി, കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നടി ആഗ്രഹം പ്രകടിപ്പിച്ചു, അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവ സാന്നിദ്ധ്യമായി മഞ്ജു ഉണ്ടാകുമെന്ന തരത്തിലായിരുന്നു വ്യാജ പ്രചാരണങ്ങള്‍ നടന്നത്. തൃശൂരിലോ ചാലക്കുടിയിലോ നടി മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ചിരിക്കുകയാണ് നടി.


Click it and Unblock the Notifications