തീ ജ്വലിക്കുന്ന കണ്ണുകൾ! പൂവൻകോഴികൾക്ക് നടുവിൽ മഞ്ജു വാര്യർ...
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻകോഴി. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റർ പുറത്ത്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. പ്രതി പൂവൻകോഴി ടീമിന് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്.

ചിത്രത്തിൽ മാധൂരി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. അഗ്നിജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന മഞ്ജുവിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒരു വസ്ത്രശാലയിലെ സെയിൽസ് ഗേളാണ് മാധൂരി. ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മഞ്ജുവാര്യറിനോടൊപ്പം അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.
ഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഉണ്ണി ആർ തന്നെയാണ്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍. റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ മടങ്ങി എത്തിയത്. മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











