ചന്ദ്രലേഖയ്ക്കായി എന്നെ വിളിച്ചു! അതിന്റെ സങ്കടം ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തി മഞ്ജു വാര്യര്‍
തിരിച്ചുവരവില്‍ മലയാളത്തില്‍ ശ്രദ്ധേയ സിനിമകള്‍ ചെയ്ത് മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായുമൊക്കെയാണ് നടി സിനിമകളില്‍ തിളങ്ങിയത്. മഞ്ജു വാര്യരുടെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ധനുഷ് നായകനായ അസുരനിലൂടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു.
സിനിമ വലിയ വിജയമാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. അസുരന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് താരം. പ്രതി പൂവന്‍ കോഴിക്ക് ശേഷം മോഹന്‍ലാലിനൊപ്പമുളള മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മഞ്ജു വാര്യരുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറും പോസ്റ്ററുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചന്ദ്രലേഖയില്‍ അവസരം ലഭിച്ച കാര്യം ഒരഭിമുഖത്തില്‍ മഞ്ജു വാര്യര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടന്നില്ലെന്നും ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്നും നടി പറഞ്ഞു.

25 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ ഇതാദ്യമായിട്ടാണ് സംവിധായകന്‍ പ്രിയദര്‍ശനൊപ്പം മഞ്ജു ഒന്നിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലുമെന്ന് നടി പറഞ്ഞു. ചിത്രം, കിലുക്കം, കാലാപാനി അങ്ങനെ ഏത് വിഭാഗത്തില്‍പ്പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്തും പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ചന്ദ്രലേഖയ്ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലി മരക്കാറിലാണ്.

ഞാന്‍ മനസിലാക്കിയത് വെച്ച് മലയാള സിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുളളതില്‍ എറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം. ഒട്ടേറെ വലിയ വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു. കഥയില്‍ വളരെ പ്രാധാന്യമുളള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്.

ഈ സിനിമ നമ്മളെ എല്ലാവരെയും അത്ഭുതപ്പെടുത്തും. നിങ്ങള്‍ക്കൊപ്പം ഈ സിനിമ തിയ്യേറ്ററില്‍ പോയി കാണാന്‍ ഏറെ ആകാക്ഷയോടെ ഞാനും കാത്തിരിക്കുന്നു, അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു. മാര്‍ച്ചിലാണ് മോഹന്‍ലാലും മഞ്ജുവും ഒന്നിച്ച മരക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലെ എറ്റവും ചെലവേറിയ സിനിമയായിട്ടാണ് എത്തുന്നത്. വമ്പന്‍ താരനിരയാണ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ അണിനിരക്കുന്നത്.


Click it and Unblock the Notifications