മഞ്ജു വാര്യര്‍ തമിഴിലേക്കും, അരങ്ങേറ്റം സൂര്യയ്‌ക്കൊപ്പം
മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ തമിഴിലേക്കും. ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ 14 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട മഞ്ജു വാര്യര്‍ മലയാളത്തില്‍ സജീവമാകുകയാണ്. ഒപ്പം തമിഴിലും താമസിയാതെ മഞ്ജുവിനെ കാണാം. സൂപ്പര്‍ താരമായ സൂര്യയാണ് മഞ്ജുവിനെ തമിഴകത്തിന് പരിചയപ്പെടുത്തുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു കണ്ട് ഇഷ്ടപ്പെട്ട സൂര്യ മഞ്ജുവിനെ തന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പില്‍ സൂര്യയുടെ ഭാര്യ ജ്യോതികയാണ് മഞ്ജുവിന് പകരക്കാരിയാകുന്നത്. ജ്യോതികയ്ക്കും ഇത് തിരിച്ചുവരവ് ചിത്രമാണ്. ഹൗ ഓള്‍ഡ് ആര്‍ യു തമിഴും സൂര്യയാണ് നിര്‍മിക്കുന്നത്. ഇതിന് ശേഷമുള്ള ചിത്രത്തിലേക്കാണ് സൂര്യ മഞ്ജുവിനെ ക്ഷണിച്ചത്. ക്ഷണം മഞ്ജു നിരാകരിച്ചില്ല. മഞ്ജു വാര്യര്‍ അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രം ആഗസ്തില്‍ തുടങ്ങും

നായികയായിട്ടല്ലെങ്കിലും ശക്തമായ കഥാപാത്രമാകും അരങ്ങേറ്റത്തില്‍ മഞ്ജുവിന് ലഭിക്കുക എന്നാണ് അറിയുന്നത്. മുരുഗദോസായിരിക്കും ചിത്രം സംവിധാനം ചെയ്യുക. വെങ്കിട് പ്രഭുവിന്റെ താരചിത്രമായ മാസ് ആണ് സൂര്യയുടെ അടുത്തതായി തീയറ്ററിലെത്തുന്ന സിനിമ. ജയറാം, സമുദ്രകനി, പാര്‍ത്ഥിപന്‍, റിയാസ്ഖാന്‍, പ്രേംജി അമരന്‍ എന്നിങ്ങനെ പോകുന്നു മാസിലെ താരനിര.
സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ സിനിമയിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും. വിഷുവിന് ശേഷമാകും തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. സെപ്തംബറില്‍ മഞ്ജു വാര്യര്‍ രണ്ടാമൂഴത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications