»   » സുരേഷ് ഗോപിയും മഞ്ജുവാര്യരും വീണ്ടും

സുരേഷ് ഗോപിയും മഞ്ജുവാര്യരും വീണ്ടും

Posted By:
Subscribe to Filmibeat Malayalam

ഭാര്യയോടുള്ള സ്‌നേഹക്കൂടുതല്‍ സംശയമായി മാറുകയും ഒടുക്കം അവളെ കഴുത്തുഞെരിച്ചുകൊല്ലുകയും ചെയ്ത കണ്ണന്‍ പെരുമലയനെയും അയാള്‍ ഞെരിച്ചുകൊന്ന താമരയെയുമൊന്നും ആരും മറന്നുപോകാനിടയില്ല. തെയ്യത്തിന്റെയും തെയ്യം കലാകാരന്മാരുടെയും ജീവിതപശ്ചാത്തലത്തില്‍ നിന്നും വളരെ ശക്തമായൊരു കഥ പറഞ്ഞ ചിത്രമായിരുന്നു ജയരാജ് ഒരുക്കിയ കളിയാട്ടം.

സുരേഷ് ഗോപിയുടെ തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഇതിലേത്. മഞ്ജുവാര്യരുടെ കാര്യം നോക്കിയാലും അങ്ങനെ തന്നെ. മഞ്ജു ചെയ്ത ശക്തമായ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചവയിലാണ് താമരയുടെ സ്ഥാനം.

കണ്ണന്‍ പെരുമലയനും താമരയുമെല്ലാം വന്നുപോയിട്ട് വര്‍ഷങ്ങളായെങ്കിലും പ്രേക്ഷകര്‍ ഇപ്പോഴും കളിയാട്ടമെന്ന ചിത്രവും അതിലെ കഥാപാത്രങ്ങളെയും ഓര്‍ത്തുവെയ്ക്കുന്നുണ്ടാകണം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ കഴിഞ്ഞ് കളിയാട്ടത്തിലെ നായികയും നായകനും വീണ്ടുമൊന്നിയ്ക്കാന്‍ പോവുകയാണ്.

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയും മഞ്ജുവും അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും കേള്‍ക്കുന്നുണ്ട്.

ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിന് ശേഷം കുഞ്ഞനന്തന്റെ കടയെന്ന ചിത്രവും വിജയമാക്കി മാറ്റിയ സലിം അഹമ്മദിന്റെ മൂന്നാമത്തെ ചിത്രമായിരിക്കുമിത്. പുതിയ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. പത്മപ്രിയ, ശാരദ, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ടെന്നാണ് സൂചന. ചിത്രത്തിന് വേണ്ടി മധു അമ്പാട്ട് ക്യാമറ ചലിപ്പിയ്ക്കും, ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുക.

തിരിച്ചുവരവ് പ്രഖ്യാപിച്ചശേഷം മഞ്ജുവിനെ നായികയാക്കി പ്രഖ്യാപിക്കപ്പെടുന്ന നാലാമത്തെ ചിത്രമാണിത്. തിരിച്ചുവരവില്‍ മഞ്ജു കരാര്‍ ഒപ്പുവച്ച ആദ്യ ചിത്രം മോഹന്‍ലാല്‍ നായകനാകുന്ന മാന്‍ ഫ്രൈഡേയാണ്. രണ്ടാമതായി കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഹൗ ഓള്‍ഡ് ആര്‍ യുവും മൂന്നാമത്തെ ചിത്രം മുംബൈ പൊലീസ് ടീം ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രവുമാണ്.

English summary
If sources are to be believed, Suresh Gopi and Manju Warrier will be sharing the silver screen together once again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam