»   » മേക്കപ്പില്‍ മാറിപ്പോയ മനോജ് കെ ജയന്‍

മേക്കപ്പില്‍ മാറിപ്പോയ മനോജ് കെ ജയന്‍

Posted By:
Subscribe to Filmibeat Malayalam
നേമം പുഷ്പരാജിന്റെ 'കുക്കിലിയാറി'ല്‍ എഴുപതു പിന്നിട്ട വൃദ്ധനായി തികച്ചും വ്യത്യസ്തമായ കുക്കിലിയാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മനോജ് കെ ജയന്‍. കാവ്യയും വിനീതും നവ്യാനായരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച, മികച്ച പാട്ടുകള്‍ കൊണ്ട് ശ്രദ്ധേയമായ 'ബനാറസ്സി'നു ശേഷം ചെറിയ ഒരിടവേള പിന്നിട്ടാണ് നേമം പുഷ്പരാജ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലെത്തുന്നത്.

മാടമ്പ് കുഞ്ഞികുട്ടനാണ് തിരക്കഥാ സംഭാഷണമെഴുതുന്നത്. മേക്കപ്പില്‍ തിരിച്ചറിയാനാവാത്ത വിധം മാറി പോയ മനോജ് കെ ജയന്റെ വേറിട്ട വേഷം തന്നെയാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. സ്വന്തം ജീവിതത്തില്‍ നിന്നും ഒളിച്ചോടിനീണ്ട യാത്രയ്ക്കിടയില്‍ സ്വയം തന്നെ തന്നെ മറന്ന് ജീവിതം ഏല്പിച്ച മുറിപ്പാടുകളില്‍ പ്രാകൃതനായി മാറിയ രാഘവന്‍ നായര്‍ക്ക് ആശ്രയം നല്‍കിയ ഗ്രാമം തന്നെയാണ് ഈ പേരും സമ്മാനിച്ചത് കുക്കിലിയാര്‍.

ഒരു പേരിന്റെ യുക്തിക്കപ്പുറം നാട്ടില്‍ ബീഡി തെറുപ്പുകാരനായി ഒതുങ്ങി പോയ കുക്കിലിയാറെ നാട്ടിലെ ചെറുപ്പക്കാരുടെ ലീഡറായ സുധി എന്നും വെറുപ്പോടെയാണ് വീക്ഷിച്ചത്. വെറുപ്പിന് കാരണമെന്തെന്ന് കൃത്യമായി തിരിച്ചറിയാത്തപ്പോഴും സുധി അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും കുക്കിലിയാരെ ബാധിച്ചിരുന്നില്ല. ഒരിക്കല്‍ സുധിക്ക് കുക്കിലിയാരെ സഹായിക്കേണ്ടി വരുന്നു.

കുക്കിലിയാരുടെ ജീവിതത്തിന്റെ സംഭവബഹുലമായ ചിലഏടുകള്‍ അതേ തുടര്‍ന്ന് പ്രകടമാവുകയാണ്. തമിഴ് സിനിമയില്‍ നായകനായ് ഇതിനകം വേഷമിട്ടുകഴിഞ്ഞ സജിത് രാജാണ് സുധിയെ അവതരിപ്പിക്കുന്നത്. സുധിയുടെ കാമുകിയും നായികയുമായ് എത്തുന്നത് അര്‍ച്ചനാ കവിയാണ്. വിഷ്ണു ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേംജി കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മധു, സുധീഷ്, രവീന്ദ്രന്‍, പ്രകാശ് ബാരെ, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, ദീപന്‍ രാജ്, സുകുമാരി, സീത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

എസ് രമേശന്‍ നായര്‍, ശശി കല മേനോന്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണമിടുന്നു. ഛായാഗ്രഹണം എംജെ രാധാകൃഷ്ണന്‍. കുക്കിലിയാറിന്റെ ചിത്രീകരണം കോട്ടയം, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ പുരോഗമിക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam