ശ്യാമളന് 22.5 കോടിയുടെ കരാര്‍
ശ്യാമളന് 22.5 കോടിയുടെ കരാര്‍
ആഗസ്ത് 28, 2000
ദില്ലി: ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച തിരക്കഥാകൃത്ത് എന്ന ബഹുമതി ഇനി മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്. ഡിസ്നി പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ അനുമതി ലഭിച്ചതോടെയാണ് ശ്യാമളന് ഈ ബഹുമതി ലഭിക്കുന്നത്.
അണ്‍ബ്രേക്കബിള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതാന്‍ ഏതാണ്ട് 22.5 കോടി രൂപ(50 ലക്ഷം ഡോളര്‍ ) ശ്യാമളന് പ്രതിഫലം ലഭിക്കും. ഇതോടെ ഹോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന തിരക്കഥാകൃത്തായി ശ്യാമളന്‍ മാറും. ദി ലോംഗ് കിസ് ഗുഡ്നൈറ്റ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഷെയ്ന്‍ ബ്ലാക്കായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച തിരക്കഥാകൃത്ത്. ബ്ലാക്കിന് 40 ലക്ഷം ഡോളറായിരുന്നു ലഭിച്ചത്.
അണ്‍ബ്രേക്കബിള്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിനായി ഡിസ്നി പ്രൊഡക്ഷന്‍സ് ശ്യാമളന് മറ്റൊരു 22.5 കോടി കൂടി(50 ലക്ഷം ഡോളര്‍ ) നല്‍കും. ഇതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ഹോളിവുഡ് സംവിധായകരുടെ നിരയിലേക്കും ശ്യാമളന്‍ ഉയരും.
സിക്സ്ത് സെന്‍സില്‍ കൂടി കോടികള്‍ വാരിക്കൂട്ടിയ ശ്യാമളന്റെ അണ്‍ബ്രേക്കബിളിലും സസ്പെന്‍സും പ്രകൃത്യാതീത ശക്തികളുടെ പ്രഭാവവും തന്നെയായിരിക്കും പ്രമേയമെന്നറിയുന്നു. ബ്രൂസ് വില്ലിസും സാമുവല്‍ എല്‍. ജാക്ക്സണുമായിരിക്കും പുതിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അടുത്തവര്‍ഷം ഏപ്രിലോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
ചിത്രത്തിന്റെ പ്രമേയം രഹസ്യമാണെങ്കിലും ബ്രൂസ് വില്ലിസിനെ കേന്ദ്രമാക്കിയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരു അപകടത്തില്‍ പെടുന്ന കഥാനായകന്‍ തന്നിലുള്ള ചില അപാരശക്തികളെക്കുറിച്ച് ബോധവാനാകുന്നതാണ് പ്രമേയം. ഫിലാഡല്‍ഫിയയില്‍ വെച്ചായിരിക്കും ചിത്രം ഷൂട്ട് ചെയ്യുക.


Click it and Unblock the Notifications