ഓസ്‌കാര്‍ സംവിധായകന്റെ സിനിമയില്‍ അമൃതാനന്ദമയിയും
കരുനാഗപ്പള്ളി: ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ക്ലോഡ് ലിലോയുടെ സിനിമയിലൂടെ മാതാ അമൃതാനന്ദമയി സിനിമയിലെത്തി. ഇംഗ്ലീഷില്‍ വണ്‍ പ്ലസ് വണ്‍ എന്ന് അര്‍ത്ഥം വരുന്ന 'Une Plus Une' എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഷൂട്ടിങ് വള്ളിക്കാവ് ആശ്രമത്തിലും പരിസരങ്ങളിലുമായാണ് നടന്നത്.
ചിത്രത്തിലെ നായകനും നായികയുമായി അഭിനയിക്കുന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് കൂടിയായ ഹോളിവുഡ് താരം ജീന്‍ ദുജാദിനും നായിക എല്‍സ സില്‍ബര്‍സ്റ്റീനു അമ്മയുടെ അനുഗ്രഹം വാങ്ങുന്നതും മറ്റുമാണ് ചിത്രീകരിച്ചത്. കടല്‍ത്തീരത്തിരുന്ന് അമൃതാനന്ദമയി യോഗാഭ്യാസത്തില്‍ ഏര്‍പ്പെടുന്നതും നായകനും നായികയും ആശ്രമത്തിലെത്തുന്നതുമൊക്കെ ചിത്രീകരിച്ചു.

മാനസീക പിരിമുറുക്കം തേടി അലയുന്ന ഫ്രഞ്ച് ദമ്പതികള്‍ ആത്മീയതയുടെ മാര്‍ഗത്തിലെത്തുകയും ജീവിതത്തിന്റെ അര്‍ത്ഥം തേടി ഒടുവില്‍ ഇന്ത്യയില്‍ എത്തുന്നതും അമൃതാനന്ദമയി ഭക്തരായി തീരുന്നതുമാണ് സിനിമയുടെ കഥ. നായികാ നായകന്മാര്‍ മുംബൈയിലും വാരണാസിയിലും ഡല്‍ഹിയിലും ചുറ്റിയടിക്കുന്ന രംഗങ്ങളും ഇതിനകം തന്നെ ചിത്രീകരിച്ചുകഴിഞ്ഞു.
ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സംഘം നാട്ടിലേക്ക് മടങ്ങി. 65 അംഗ സംഘമാണ് ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലെത്തിയത്. കേരളത്തിലെ ഷൂട്ടിങ്ങിനായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ.കബീറിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘവും ഉണ്ടായിരുന്നു. ഇതാദ്യമായാണ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനുവേണ്ടി അമൃതാനന്ദമയി സമ്മതം മൂളുന്നത്.


Click it and Unblock the Notifications











