മീര മാറി, മീര വന്നു
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മീരാ ജാസ്മിന്‍ അഭിനയിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കല്‍ക്കത്താ ന്യൂസിന്റെ ചിത്രീകരണത്തിനിടയിലെ മീരയുടെ നിസ്സഹകരണം കാരണം ചിത്രം പൂര്‍ത്തിയാക്കാന്‍ വൈകിയതോടെ മീരാ ജാസ്മിന്‍ മുല്ലയില്‍ നായികയായി വേണ്ടെന്നു തന്നെ ദിലീപ് തീരുമാനിച്ചു. മീരക്കു പകരം ചിത്രത്തില്‍ നായികയാവുന്നത് മറ്റൊരു മീരയാണ്.
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായ മീരാ നന്ദനാണ് മുല്ലയിലെ നായിക. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ കാവ്യാ മാധവനെയും രസികനിലൂടെ സംവൃതാ സുനിലിനെയും സിനിമയിലേക്ക് കൊണ്ടുവന്ന ലാല്‍ ജോസ് മുല്ലയിലൂടെ പുതിയൊരു നായികയെ മലയാളത്തിന് സമ്മാനിക്കുകയാണ്.
ദിലീപ് അവതരിപ്പിക്കുന്ന മുല്ല എന്ന കഥാപാത്രത്തിന്റെ കാമുകിയായ ലച്ചിയായാണ് മീരാ നന്ദന്‍ വേഷമിടുന്നത്. ബര്‍ത്ത് ഡേ കേക്കുകളിലും മറ്റും അലങ്കാരപ്പണി ചെയ്യുന്ന ബേക്കറി ജോലിക്കാരിയാണ് ലച്ചി. കാരക്കാട് കോളനിയിലൂടെ കടന്നുപോകുന്ന മീറ്റര്‍ ഗേജ് തീവണ്ടിയിലെ സ്ഥിരം യാത്രക്കാരിയായ ലച്ചി ആ യാത്രകള്‍ക്കിടെയാണ് മുല്ലയെ പരിചയപ്പെടുന്നത്.
രണ്ട് പുതുമുഖ നടിമാരെ കൂടി മുല്ലയിലൂടെ ലാല്‍ ജോസ് പരിചയപ്പെടുത്തുന്നുണ്ട്. അമൃതാ ടിവിയിലെ മഹിളാരത്നം പരിപാടിയില്‍ മത്സരാര്‍ത്ഥിയായിരുന്ന റാണി ബഷിന മുല്ലയില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന അമ്പി അണ്ണന്റെ ഭാര്യയായി അഭിനയിക്കുന്നു. തീവണ്ടിയില്‍ പാട്ടുപാടി ഭിക്ഷ യാചിക്കുന്ന വാസന്തി എന്ന കഥാപാത്രത്തെ മുംബൈയില്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രുതി അവതരിപ്പിക്കുന്നു.
ഇന്നസെന്റ്, സലിം കുമാര്‍ റിസബാവ, അനൂപ് ചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 21ന് പഴനിയില്‍ ആരംഭിക്കും.


Click it and Unblock the Notifications