സയലന്‍സിലൂടെ മീരയും പിന്നണിഗാനരംഗത്തേയ്ക്ക്
നടി മീര നന്ദന്‍ ഒരു ഗായികകൂടിയാണെന്ന് അറിയാത്തവര്‍ അധികമുണ്ടാകില്ല. സംഗീതറിയാലിറ്റിഷോ വേദിയില്‍ നിന്നാണ് മീര സിനിമയിലേയ്ക്ക് എത്തുന്നത്. സ്റ്റേജ് പരിപാടികളിലും താരനിശകളിലുമെല്ലാം മീര എത്രയോ വട്ടം പാടിയിരിക്കുന്നു. പക്ഷേ സിനിമയില്‍ ഇതുവരെ മീരയ്ക്ക് പാടാന്‍ അവസരം ലഭിച്ചിട്ടില്ല. ആ കുറവ് ഇനി തീരാന്‍ പോവുകയാണ്. മമ്മൂട്ടി നായകനായ വികെ പ്രകാശ് ചിത്രം സയലന്‍സിലൂടെയാണ് മീര ആദ്യമായി പിന്നണിഗായികയാകുന്നത്.
ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിയ്ക്കുന്നത് രതീഷ് വേഗയാണ്. താനും സംവിധായകന്‍ വികെ പ്രകാശും ഒന്നിച്ചാണ് മീരയെക്കൊണ്ട് ഈ ഗാനം പാടിയ്ക്കുകയെന്ന തീരുമാനത്തിലെത്തിയതെന്ന് രതീഷ് പറയുന്നു. ഈ ഗാനത്തിന് പുതുമയുള്ള ശബ്ദവും വ്യത്യസ്തമായ ആലാപനശൈലിയും വേണമെന്ന് തോന്നി, അങ്ങനെയാണ് മീരയെക്കൊണ്ടുതന്നെ പാടിയ്ക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഈ ഗാനം മീര വളരെ മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ എനിയ്ക്ക് സംശയമില്ല- രതീഷ് പറഞ്ഞു.
മഴയുടെ ഓര്‍മ്മകല്‍ വിലോലം പെയ്തുവോ...എന്നു തുടങ്ങുന്നതാണ് മീര ആലുപിച്ചിരിക്കുന്ന ഗാനം. മീരയ്ക്ക് അഭിനയത്തില്‍ മാത്രമല്ല സംഗീതമേഖലയിലും മികച്ചൊരു കരിയറിന് സാധ്യതയുണ്ടെന്നാണ് ഗാനാലാപനം കേട്ട് രതീഷും മറ്റുള്ളവരും പറഞ്ഞത്.


Click it and Unblock the Notifications












