അവളുടെ രാവുകളില്‍ അഭിനയിക്കാനില്ലെന്ന് മേഘ്‌ന
കൊച്ചി: മലയാള സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ അവളുടെ രാവുകള്‍ എന്ന ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ താന്‍ നായികയാകുമെന്ന വാര്‍ത്ത നിഷേധിച്ച് നടി മേഘ്‌ന രാജ് രംഗത്തെത്തി. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മേഘ്‌ന പറഞ്ഞു. അടുത്തൊന്നും മലയാള സിനിമയില്‍ അഭിനയിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇപ്പോള്‍ ഒരു തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും മേഘ്‌ന പറഞ്ഞു.
ഐ വി ശശിയുടെ സംവിധാനത്തില്‍ സീമ നായികയായ അവളുടെ രാവുകള്‍ മലയാളത്തിലെ ആദ്യ എ സര്‍ട്ടിഫിക്കറ്റ് ചിത്രമാണ്. ചിത്രത്തിലെ സീമയുടെ കഥാപാത്രമായ രാജിയായി മേഘ്‌ന അഭിനയിക്കുമെന്നറിയിച്ച് ചിത്രങ്ങളടക്കം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പി ഷെരീഫ് തിരക്കഥ എഴുതുന്ന ചിത്രം സുരേഷ് കണ്ണനാണ് സംവിധാനം ചെയ്യുന്നത് എന്നായിരുന്നു വാര്‍ത്ത.

അവളുടെ രാവുകളില്‍ വലിയ ഷര്‍ട്ടുമാത്രം ധരിച്ച സീമയുടെ പോസ്റ്ററുകളെ അനുസ്മരിക്കുന്നതായിരുന്നു മേഘ്‌നയുടെ ചിത്രവും. എന്നാല്‍, ഏത് അവസരത്തിലാണ് അത്തരം ഒരു ചിത്രത്തിന് മേഘ്‌ന പോസ് ചെയ്തത് എന്നകാര്യം വ്യക്തമല്ല. നേരത്തെയും പലരും ചിത്രം റീമേക്ക് ചെയ്യുന്നതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും അവരെല്ലാം പിന്‍മാറുകയായിരുന്നു.
രതി നിര്‍വേദത്തിന്റെ റീമേക്ക് വിജയമായതിനെ തുടര്‍ന്ന് ഐവി ശശി തന്നെ പ്രിയാമണിയെ നായികയാക്കി ചിത്രം സംവിധാനം ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, പ്രിയാമണിയുടെ പിന്മാറ്റം കാരണം ചിത്രം മുന്നോട്ടു പോയില്ല. ലിബര്‍ട്ടി ബഷീറും ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങിയിരുന്നെങ്കിലും പിന്നീട് അതില്‍നിന്നും പിന്മാറുകയായിരുന്നു.


Click it and Unblock the Notifications











