ഈ നടനെ ഒന്നു നോക്കിവച്ചോളൂ
ഈ നടനെ ഒന്ന് നോക്കി വച്ചോളൂ, കൈവിട്ടാല്‍ പിടിച്ചാല്‍ കിട്ടി എന്നുവരില്ല... കുടുകുടാ ചിരിച്ചുകൊണ്ട് മറിമായം എന്ന ടെലിവിഷന്‍ ഹാസ്യ പരമ്പരയിലെത്തിയ ശ്രീകുമാര്‍ മെമ്മറീസില്‍ ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഹരം ശ്രീകുമാറിന്റെ മറ്റൊരു തിരിച്ചുവരവായി അടയാളപ്പെടുത്തപ്പെടും, തീര്‍ച്ച!
അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചിരികിടതോം എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ശ്രീകുമാര്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പക്ഷെ മറിമായമാണ് ശ്രീകുമാര്‍ എന്ന കലാകാരനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി തന്നത്.

കാണ്ഡഹാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനില്‍ അരങ്ങേറിയ ശ്രീകുമാര്‍ പിന്നീട് ഡാം 999, വീരപുത്രന്‍, കഥയിലെ നായിക, പുതിയ തീരങ്ങള്‍, എ ബി സി ഡി, വല്ലാത്ത പഹയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ ചെറിയ ചില വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതത്രയും ഹാസ്യം കലര്‍ന്ന വേഷങ്ങളായിരുന്നു. ആ ചിരിപ്പിക്കുന്ന മുഖത്തിന് ഒരു വില്ലന്റെ ഛായയുണ്ടെന്ന് തിരിച്ചറിഞ്ഞത് ജീത്തു ജോസഫാണ്.
2013 ല്‍ പുറത്തിറങ്ങിയ, പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസിലെ പ്രധാന വില്ലനായിരുന്നു ശ്രീകുമാര്‍. ചിത്രത്തിലെ 'സയലന്റ് കില്ലര്‍' ശ്രീകുമാറിന് ഒത്തിരി പ്രശംസകള്‍ നേടിക്കൊടുത്തു. അതിന് ശേഷം സലാം കാശ്മീരിലും സലാല മൊബൈല്‍സിലും അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. നടന്റെ കഴിവ് തിരിച്ചറിയാന്‍ സംവിധായകര്‍ക്ക് കഴിയാതെ പോയതും ശ്രീകുമാറിനെ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയതോ എന്തോ...
ശ്രീകുമാറിനെ വീണ്ടും ഓര്‍ത്തത്, അല്ലെങ്കില്‍ ഓര്‍മിപ്പിക്കുന്നത് ഇപ്പോള്‍ നവാഗത സംവിധായകന്‍ സുകുമാരനാണ്. ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രത്തില്‍ ഫഹദിനൊപ്പം ഒരു മുഖ്യ വേഷം ചെയ്തുകൊണ്ടാണ് ശ്രീകുമാറിന്റെ രണ്ടാം വരവ്. തീര്‍ച്ചയായും നടന് നല്ലൊരു ബ്രേക്ക് നല്‍കാന്‍ ഈ വേഷം സഹായിക്കും.


Click it and Unblock the Notifications











