മൈ ഗോഡ്, സുരേഷ് ഗോപിയ്‌ക്കൊപ്പം മിയ ഇല്ല!!
പക്വതയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് വളരെ പെട്ടന്നാണ് മിയ ജോര്‍ജ് എന്ന 22കാരി മലയാളികളുടെ പ്രിയപ്പെട്ടവളായത്. ബിജു മേനോന്റെയും ജയറാമിന്റെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ച മിയ അടുത്തതായി എത്തുന്നത് സുരേഷ് ഗോപിയുടെ നായികയായിട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന മിയ ചിത്രത്തില്‍ ഇല്ല എന്ന്.
'മൈ ഗോഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം മോഹനാണ്. ഐടി കമ്പനിയിലെ സിഇഒ ആയി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ ഒരു പീഡിയാട്രിക്കായി മിയ അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ ഈ ചിത്രത്തിന്റെ ഭാഗമല്ലെന്ന് മിയ അറിയിച്ചു.

ആദിരാജ ഭട്ടത്തിരി എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. പതിനഞ്ച് വയസ്സുകാരനായ സാം എന്ന കുട്ടിയിലൂടെയാണ് മൈ ഗോഡിന്റെ കഥ വികസിക്കുന്നത്. അവന്റെ സംഘര്‍ഷഭരിതമായ ജീവിതത്തിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. സാമിന്റെ സഹോദരനായ ടെക്കിയായി വിനീത് ശ്രീനിവാസനും ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ജിയോയും നിജോയുമാണ് മൈ ഗോഡിന് തിരക്കഥയെഴുതുന്നത്.
തൊടുപുഴ പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിയ്ക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. മിയ ഇല്ല എന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ആരാണ് പുതിയ നായികയെന്ന കാര്യം അറിവായിട്ടില്ല. അനുപം ഖേര്‍, പ്രകാശ് ബാരേ, ബേബി അനിഖ എന്നിവരോടൊപ്പം 'നയന' എന്ന ചിത്രമാണ് മിയ അടുത്തതായി ചെയ്യുന്നത്.


Click it and Unblock the Notifications