മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചന്‍ തിരിച്ചുവരും! ആരാധകര്‍ക്ക് വീണ്ടും ഉറപ്പ് നല്‍കി മിഥുന്‍ മാനുവല്‍
Recommended Video

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ശ്രദ്ധേയനായ ആളാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് സീരിസിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായി മിഥുന്‍ മാറിയിരുന്നത്. ആട് 2വിന്റെ വലിയ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സിനിമയുടെ നൂറാം വിജയാഘോഷ വേളയിലായിരുന്നു പുതിയ സിനിമകളുടെ പ്രഖ്യാപനം മിഥുന്‍ മാനുവല്‍ നടത്തിയിരുന്നത്.
ആടിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചതിനൊപ്പം മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു മിഥുന്‍ മാനുവല്‍ ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയെക്കുറിച്ചുളള വിവരങ്ങളൊന്നും അധികമായി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് സംവിധായകന്‍ സംസാരിച്ചിരുന്നു.

കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രം
മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. 1990കളില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു, കോട്ടയം കുഞ്ഞച്ചനായുളള മമ്മൂക്കയുടെ പ്രകടനം എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെനീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരുന്നത്.

ആട് 2വിന്റെ വിജയാഘോഷ വേളയില്‍
സിനിമ ഇറങ്ങി 28വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗവുമായി മിഥുന്‍ മാനുവല്‍ എത്തുമെന്ന് അറിയിച്ചത്. ആട് 2വിന്റെ വിജയാഘോഷ വേളയില്‍ മമ്മൂക്ക ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തികൊണ്ടായിരുന്നു സിനിമയെക്കുറിച്ചുളള പ്രഖ്യാപനം വന്നത്. മമ്മൂക്കയെ സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു മിഥുന്‍ മാനുവല്‍ ഇക്കാര്യം പറഞ്ഞിരുന്നത്. ഫൈഡ്രേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ആദ്യ ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകര്‍
തുടര്‍ന്ന് ആദ്യ ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സിനിമ വിവാദങ്ങളില്‍പ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ അനുവാദമില്ലാതെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചതെന്നും സിനിമയുടെ പേര് കോട്ടയം കുഞ്ഞച്ചന്‍ എന്ന് കൊടുക്കാന്‍ സമ്മതിക്കില്ലെന്നുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഇത് സിനിമ ഉപേക്ഷിക്കുന്നതിലേക്ക് നിര്‍മ്മാതാവായ വിജയ് ബാബുവിനെ എത്തിച്ചിരുന്നു. പിന്നീട് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് അണിയറ പ്രവര്‍ത്തകര്‍ തന്നെ ചിത്രവുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ചു.

കോട്ടയം കുഞ്ഞച്ചന് രണ്ടാ ഭാഗം വരുമോ
അതേസമയം മിഥുന്‍ മാനുവല്‍ മറ്റു സിനിമകളുടെ തിരക്കുകളിലേക്ക് കടന്നതോടെ സിനിമ പ്രതിസന്ധിയിലാണെന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും അധികം വരാതിരുന്ന സാഹചര്യത്തിലാണ് എല്ലാവരും ഇങ്ങനെ വിചാരിച്ചിരുന്നത്. അടുത്തിടെ ഇതേക്കുറിച്ച് മിഥുന്‍ മാനുവലിനോട് ഒരാള്‍ ചോദിച്ചിരുന്നു. സിനിമ പാരഡൈസോ ക്ലബിന്റെ അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു ഇതേക്കുറിച്ച് ഒരാള്‍ മിഥുനോട് ചോദിച്ചത്.

മിഥുന്‍ മാനുവല്‍ പറഞ്ഞത്
സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ലെന്നും തിരക്കഥാ രചന പൂര്‍ത്തിയായി വരുന്നതേയുളളുവെന്നുമാണ് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടാം ഭാഗം ഒരുക്കുന്നത് വലിയൊരു വെല്ലുവിളിയായിരിക്കും സംവിധായകന്. അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവ് റിലീസ് ചെയ്ത ശേഷമായിരിക്കും സംവിധായകന്‍ കോട്ടയം കുഞ്ഞച്ചന്‍ 2വിലേക്ക് കടക്കുക,.


Click it and Unblock the Notifications











