ആരാധകരുടെ അപേക്ഷ കേട്ട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്! അഞ്ചാം പാതിര വൈകാതെ എത്തും
തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടത്തിയ പല സിനിമകളും രണ്ടാമതൊന്ന് കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് സിനിമാപ്രേമികളുണ്ട്. പലയിടത്ത് നിന്ന് നല്ല റിവ്യൂ വന്നിട്ടും തിയറ്ററുകളില്‍ പോയി കാണാന്‍ കഴിയാത്തവരും ഉണ്ടാവും. ഇവരെല്ലാം കാത്തിരിക്കുന്നത് സിനിമയുടെ ഡിവിഡി റിലീസിന് വേണ്ടിയാണ്. ഇപ്പോഴിതാ മലയാളികള്‍ കാത്തിരുന്നൊരു ചിത്രം എത്തുകയാണ്.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രമാണ് വൈകാതെ പ്രേക്ഷകരിലേക്ക് എത്തുന്നത്. കൊറോണ കാരണം വീട്ടിലിരിക്കുന്നവര്‍ നിരന്തരം ചോദിക്കുന്നത് കൊണ്ടാണ് സിനിമ പുറത്ത് ഇറക്കാന്‍ ഉദ്ദേശിച്ചതെന്ന് സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

'വീടുകളില്‍ അടച്ചിരിക്കുന്ന അവസ്ഥയില്‍ സിനിമ/സീരീസ് തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും എന്റര്‍ടൈന്‍മെന്റ്. അതുകൊണ്ട് തന്നെ 'അഞ്ചാം പാതിരാ' DVD/ഡിജിറ്റല്‍ റിലീസ് അന്വേഷിച്ചു ധാരാളം മെസ്സേജുകള്‍ വരുന്നുണ്ട്. പൊതു ഉത്തരം പോസ്റ്റാമെന്നു കരുതുന്നു. ഡിവിഡി റിലീസ് എന്തായാലും ഉടനില്ല. കാരണം ഡിവിഡി പഞ്ച് ചെയ്യാനുള്ള/വിപണനം നടത്താനുള്ള സൗകര്യങ്ങള്‍ എല്ലാം തല്‍ക്കാലം അടച്ചിരിക്കുകയാണ്.. സാറ്റലൈറ്റില്‍ റിലീസ് അല്ലെങ്കില്‍ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു' എന്നും മിഥുന്‍ പറയുന്നു.
ആട് പോലെ സൂപ്പര്‍ ഹിറ്റ് എന്റര്‍ടെയിന്‍മെന്റ് സിനിമയൊരുക്കിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. എന്നാല്‍ കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ഒരു ക്രൈം ത്രില്ലര്‍ ഒരുക്കി മിഥുന്‍ എല്ലാവരെയും ഞെട്ടിച്ചു. സംവിധാനത്തിനൊപ്പം രചന നിര്‍വഹിച്ചതും മിഥുന്‍ തന്നെയായിരുന്നു. ഷറഫൂദിന്‍, ഉണ്ണിമായ, ജിനു ജോസഫ്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെല്ലാമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു അഞ്ചാം പാതിര. ജനുവരി പത്തിനായിരുന്നു സിനിമയുടെ റിലീസ്. തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം സ്വന്തമാക്കിയ ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമായതോടെ അമ്പത് കോടിയോളം കളക്ഷന്‍ നേടിയിരുന്നു. മാസങ്ങളായി അഞ്ചാം പാതിരയുടെ ഡിവിഡി റിലീസിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
കൊറോണ കാരണം ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്ത് ഇറങ്ങാന്‍ പോലും കഴിയാതെ എല്ലാവരും വീടിനുള്ളില്‍ കഴിയുകയാണ്. അടുത്തിടെ റിലീസിനെത്തിയ സിനിമകളെല്ലാം ഡിവിഡി ആയി പുറത്ത് ഇറങ്ങിയത് എല്ലാവര്‍ക്കും വലിയൊരു ആശ്വാസമായിരുന്നു.


Click it and Unblock the Notifications











