ബ്രസീല്‍, അര്‍ജന്റീന, ഫാന്‍സാണോ? നിങ്ങളെ സിനിമയിലെടുക്കാമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്!
പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായനകായി അഭിനയിക്കുന്ന സിനിമയാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമ മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ മാസമായിരുന്നു ആരംഭിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി വ്യത്യസ്ത ലുക്കിലെത്തിയ കാളിദാസിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയൊരു അവസരവുമായി എത്തിയിരിക്കുകയാണ്.

മിഥുന്റെ വാക്കുകളിലേക്ക്..
കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഫുട്ബാള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്..! നിങ്ങള്‍ ലോകകപ്പ് കാലത്തു ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കുകയും കവലകളും ക്ലബ്ബുകളും അലങ്കരിക്കുകയും ചെയ്യുന്ന ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി തുടങ്ങിയ ഏതു രാജ്യത്തിന്റെ ഫാന്‍സും ആയിക്കോട്ടെ, നിങ്ങളുടെ നാട്ടിലെ ലോകകപ്പ് ഒരുക്കങ്ങള്‍ ഒരിക്കല്‍ കൂടി പുനഃസൃഷ്ട്ടിക്കാന്‍ നിങ്ങള്‍ തയ്യാര്‍ ആണെങ്കില്‍, ക്യാമറയും മറ്റു സന്നാഹങ്ങളുമായി ഞങ്ങള്‍ എത്തുന്നതാണ്. ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' എന്ന കേരളത്തിലെ ഫുട്ബാള്‍ ഫാന്‍സിന്റെ കഥ പറയുന്ന സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനായി ..!! കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കാണുന്ന നമ്പറുകളില്‍ വിളിക്കുക..!! എന്നുമാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
കാളിദാസ് ജയറാം നായകനാവുമ്പോള്‍ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോപി സുന്ദറാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് വേണ്ടി സംഗീതമൊരുക്കുന്നത്. കേരളത്തില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആരാധകര്‍ ഉള്ളതിനാല്‍ സിനിമയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.


Click it and Unblock the Notifications











