'പുതിയ കാര്യങ്ങൾ പഠിച്ചു, ഇപ്പോഴും ഉറങ്ങാൻ കഴിയുന്നില്ല'; മിന്നൽ മുരളിയിലെ 'ബ്രൂസ് ലീ ബിജി' പറയുന്നു
ക്രിസ്മസ് സമ്മാനമായി മലയാളികളിലേക്ക് എത്തിയ സിനിമയായിരുന്നു മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. ഇന്ന് സോഷ്യൽമീഡിയയിലടക്കം വലിയ സംസാര വിഷയമായി തീർന്നിരിക്കുകയാണ് മിന്നൽ മുരളി. ആദ്യമായി മലയാള സിനിമയിൽ ഒരു സൂപ്പർ ഹീറോ നായകൻ ഉണ്ടായി എന്നത് തന്നെയാണ് സിനിമ ഇത്രത്തോളം ചർച്ചയാകാൻ കാരണം. ഒരു ചെറിയ ഗ്രാമവും ആ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും അവർക്കിടയിൽ നടക്കുന്ന അസാധാരണ സംഭവങ്ങളും അവരുടെയെല്ലാം രക്ഷകനായ അമാനുഷികനായ നായകനേയുമെല്ലാം സംവിധായകൻ വളരെ മനോഹരമായി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.
വളരെ മനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് കൂടിയാണ് മിന്നൽ മുരളി സമ്മാനിക്കുന്നത് എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം അഭിപ്രായപ്പെുന്നത്. ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിനും നായകൻ ടൊവിനോയ്ക്കുമെല്ലാം പ്രശംസ പ്രവാഹമാണ്. ഒപ്പം ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്ത ഫെമിന ജോർജിന്റെ പ്രകടനവും സിനിമാ പ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു പുതുമുഖ നായികയായിരുന്നിട്ട് പോലും നായകനൊപ്പം നിൽക്കുന്ന പ്രകടനം പുറത്തെടുക്കാൻ നായിക പരിശ്രമിച്ചുവെന്നത് തന്നെയാണ് ചിത്രത്തിലെ ബ്രൂസ് ലി ബിജി എന്ന കഥാപാത്രവും അത് അവതരിപ്പിച്ച നടി ഫെമിന ജോർജും ചർച്ച ചെയ്യപ്പെടാൻ കാരണം.

സൂപ്പർ ഹീറോയ്ക്ക് പറ്റിയ സൂപ്പർ ഹീറോയിനായിരുന്നു ബ്രൂസ് ലി ബിജി എന്നാണ് ഇപ്പോൾ വരുന്ന കമന്റുകൾ. ഇപ്പോൾ ബ്രൂസ് ലി ബിജി എന്ന കഥാപാത്രമാകാൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് യുവനടി ഫെമിന ജോർജ്. പുതുമുഖം എന്ന രീതിയിൽ ഏറെ വെല്ലുവിളികൾ കഥാപാത്രമാകുമ്പോൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഫെമിന പറയുന്നത്. കിക് ബോക്സിങ് അടക്കമുള്ളവ പഠിച്ചാണ് ഫെമിന ബ്രൂസ് ലി ബിജിക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തിയത്. '2019 ഓഗസ്റ്റ് 18നായിരുന്നു മിന്നൽ മുരളിയുടെ ഓഡിഷൻ. ഷോർട്ട്‍ലിസ്റ്റ് ചെയ്യപ്പെട്ടതിലുള്ള അത്ഭുതമായിരുന്നു എനിക്ക്. ആ ദിവസം പ്രത്യേകിച്ചും വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. ട്രെഡീഷണൽ ആയ എന്തെങ്കിലും വസ്ത്രം ധരിച്ച് മേക്കപ്പ് ഇല്ലാതെ വരാനായിരുന്നു നിർദേശം. മൂന്ന് സാഹചര്യങ്ങളായിരുന്നു ആദ്യ റൗണ്ടിൽ അവതരിപ്പിക്കാനുണ്ടായിരുന്നത്. അത് നന്നായി ചെയ്യാനായെന്ന് എനിക്ക് തോന്നി.'

'രണ്ടാമത്തെ റൗണ്ട് ആദ്യത്തേതിലും രസമായിരുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. പിന്നാലെ വീണ്ടും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കിക്ക് ബോക്സിങ് പഠിക്കേണ്ടി വന്നു. ശരീരഭാരം ഏഴ് കിലോയോളം കുറച്ചു. അന്ന് മുതൽ ഞാൻ ഈ ടീമിൻറെ ഭാഗമായിരുന്നു. കഥാപാത്രത്തിന് ഏറ്റവും മികച്ചത് നൽകണമെന്ന ആഗ്രഹത്താൽ ശാരീരികവും മാനസികവുമായി അധ്വാനിച്ചു. എത്രത്തോളം ഭാഗ്യമുള്ളവളാണ് ഞാനെന്ന് ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. രണ്ട് വർഷവും നാല് മാസവും മുമ്പ് തുടങ്ങിയ യാത്രയാണ്. ഇന്ന് ഉറങ്ങാനാവാതെ... വികാരപ്രകടനത്തിന് എന്ത് വാക്ക് ഉപയോഗിക്കണമെന്നറിയാതെ ഇരിക്കുകയാണ് ഞാൻ. ആവേശം തോന്നുന്നു. ഇമോഷണലുമാണ് ഞാൻ.'
Recommended Video

ഫെമിന ജോർജിൽ നിന്നും ബ്രൂസ് ലി ബിജിയിലേക്കുള്ള യാത്ര വളരെ രകസകരവും കൗതുകം പകരുന്നതുമായിരുന്നുവെന്നും വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ ഫെമിന കുറിച്ചിട്ടുണ്ട്. മിന്നൽ മുരളിക്കായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ഫെമിന വിവരിച്ചതോടെ നിരവധി പേരാണ് കഥാപാത്രത്തിനായി ഫെമിന നടത്തിയ കഠിനാധ്വാനത്തെ അഭിനന്ദിച്ച് എത്തിയത്. മികച്ച പ്രകടനമായിരുന്നു മിന്നൽ മുരളിയിലേത് എന്നാണ് ആരാധകരിൽ ഏറെയും കമന്റ് ചെയ്തത്. ബേസിൽ ജോസഫിന്റെ മൂന്നാമത്തെ സംവിധാന സംരംഭം ആയിരുന്നു മിന്നൽ മുരളി. ഗോദയാണ് ഏറ്റവും അവസാനം ബേസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications