മിന്നാമിന്നിക്കൂട്ടം മിന്നാനൊരുങ്ങുന്നു
ഒരു ചിത്രത്തിന്റെ വിജയ ഘടകങ്ങളിലൊന്ന് അതിന്റെ പേരു തന്നെയാണ്. അക്കാര്യം ഏറ്റവും നന്നായി അറിയുന്ന മലയാള സംവിധായകരില്‍ ഒരാളാണ് കമല്‍.
പ്രേക്ഷകരുടെ ഓര്‍മ്മയിലെന്നും തങ്ങി നില്‌ക്കുന്ന പേരുകള്‍ തന്റെ ചിത്രങ്ങള്‍ക്ക് വേണമെന്ന് അതു കൊണ്ട് തന്നെ കമലിന് നിര്‍ബന്ധമാണ്. മഴയെത്തും മുന്‍പെ, കൃഷ്‌ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ്, സ്വപ്‌നക്കൂട് അങ്ങനെ ഒരു പിടി ചിത്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
ഈ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന പേരു തന്നെയാണ് കമല്‍ തന്റെ പുതിയ ചിത്രത്തിനും ഇട്ടിരിയ്‌ക്കുന്നത്. മുന്‍ കാല ചിത്രങ്ങളുടെ പേരുകളിലുള്ള ഗ്രാമീണ സൗന്ദര്യം ഈ പേരിലും നിലനിര്‍ത്താന്‍ കമല്‍ ശ്രദ്ധിച്ചിട്ടുണ്ട്.
മിന്നാമിന്നിക്കൂട്ടമെന്നാണ് പുതിയ ചിതത്തിനു നല്‌കിയ പേര്. നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന ഒരു കൂട്ടം യുവ പ്രതിഭകള്‍ ഒന്നിയ്‌ക്കുന്ന ഈ ചിത്രത്തിന് ഇതിനും നല്ലൊരു പേര് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.
നരേന്‍, ജയസൂര്യ, ഇന്ദ്രജിത്ത് , റോമ, മീര ജാസ്‌മിന്‍ രാധിക തുടങ്ങിയവര്‍ നായക നായികമാരായെത്തുന്ന ചിത്രത്തില്‍ സായികുമാര്‍, മാമുക്കോയ, സലീം കുമാര്‍ എന്നിങ്ങനെ വന്‍ താരനിരയാണ് അഭിനയിക്കുന്നത്.
അടുത്ത മാസം കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്ന മിന്നാമിന്നിക്കൂട്ടം നിഹാര്‍ ഫിലിസാണ് നിര്‍മ്മിയ്ക്കുക. പതിവു പോലെ ഗാന രംഗങ്ങള്‍ക്കു വേണ്ടി വിദേശ ലൊക്കേഷന്‍ തേടിപ്പോകാറുള്ള കമല്‍ ഇത്തവണയും ആ പതിവ് തെറ്റിയ്‌ക്കുന്നില്ല.
ഇംഗ്ലണ്ടിന്റെ സൗന്ദര്യവും തന്റെ പുതിയ ചിത്രത്തില്‍ ഒപ്പിയെടുക്കാനുള്ള ശ്രമത്തിലാണ് കമല്‍.


Click it and Unblock the Notifications