ഇന്നസെന്റിന് പകരം മോഹന്‍ലാല്‍, ദിലീപിന് പകരം ജഗദീഷ്? അമ്മയുടെ അഴിച്ച് പണി ഇങ്ങനെയാണോ?
കഴിഞ്ഞ മാസമായിരുന്നു മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അമ്മ മഴവില്ല് എന്ന ആഘോഷ രാവ് നടത്തിയത്. സന്തോഷം നിറഞ്ഞ ആ ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷം അമ്മ ഭാരവാഹികളില്‍ അഴിച്ച് പണി നടത്തിയിരിക്കുകയാണ്. 17 വര്‍ഷം നീണ്ട് നിന്ന പ്രസിഡന്റ് സ്ഥാനം ഇന്നാസെന്റ് ഒഴിവാക്കിയിരിക്കുകയാണ്.
ഇന്നസെന്റിന് പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കിയും അമ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായിട്ടാണ് സൂചനകള്‍. ദിലീപിന്റെ ട്രഷറര്‍ സ്ഥാനത്തേക്കും പുതിയ ആളുകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

അമ്മ
മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് അമ്മ. സംഘടനയുടെ പ്രസിഡന്റായ ഇന്നസെന്റ് പതിനേഴ് വര്‍ഷത്തോളം ആ സ്ഥാനത്ത് തന്നെയുണ്ടായിരുന്നു. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ആരാണ് പ്രസിഡന്റ് ആവുന്നതെന്നറിയാന്‍ ആരാധകരും ആകാംഷയിലായിരുന്നു. ജൂണ്‍ അവസാനത്തോട് കൂടി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. എന്നാല്‍ അതിനുള്ളില്‍ പല താരങ്ങളുടെ പേരുകളും പറഞ്ഞ് കേള്‍ക്കുകയാണ്. അതിനെ കുറിച്ച് സംഘടനയോ താരങ്ങളെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പ്രസിഡന്റ് മോഹന്‍ലാലോ..
ഇന്നസെന്റിന്റെ പിന്‍ഗാമിയായി മോഹന്‍ലാല്‍ എത്തിയേക്കും എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. നിലവില്‍ വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ ആയിരുന്നു. തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തെ കുറിച്ച് യാതെരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബു പറയുന്നത്. എന്നാല്‍ മോഹന്‍ലാല്‍ നേതൃത്വനിരയിലേക്ക് എത്തുന്നതിനോട് ആര്‍ക്കും എതിര്‍ അഭിപ്രായങ്ങളൊന്നുമില്ലെന്നാണ് സൂചിപ്പിക്കുന്നത്.

ദിലീപിന്റെ സ്ഥാനത്തേക്ക്...
അമ്മയില്‍ നിന്നും പുറത്താക്കിയ നടന്‍ ദിലീപ് ട്രഷറര്‍ സ്ഥാനത്ത് ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആ സ്ഥാനത്തേക്ക് ജഗദീഷ് വരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മുന്‍പ് ജഗദീഷ് തന്നെയായിരുന്നു ട്രഷറര്‍ സ്ഥാനത്ത് ഉണ്ടായിരുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റ് ആവുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കെബി ഗണേഷ് കുമാറും മുകേഷും പ്രസിഡന്റ്മാരായേക്കും എന്നും ഇടവേള ബാബു ജനറല്‍ സെക്രട്ടറി, ജോയിന്റെ സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കുമെന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

വനിതാ പ്രാതിനിധ്യം
മലയാള സിനിമയിലെ നായികമാരുടെ നേതൃത്വത്തില്‍ പുതിയൊരു സംഘടന രൂപീകരിച്ച ശേഷം വിവാദങ്ങള്‍ പലതും തലപൊക്കിയിരുന്നു. എന്നാല്‍ ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാവുമെന്നും സൂചനയുണ്ട്. നടിമാരില്‍ നാല് പേരാണ് ഇത്തവണ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഉണ്ടാവുക. ശ്വേത മേനോന്‍, രചന നാരയണന്‍കുട്ടി, മുത്തുമണി, ഹണി റോസ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധീര്‍ കരമന, എന്നിവരായിരിക്കും അംഗങ്ങള്‍. പഴയ എക്‌സിക്യൂട്ടിവില്‍ ആസിഫ് അലി തുടരുമെന്നും പറയുന്നു.

അമ്മ മഴവില്ല്
അമ്മയുടെ നിലവിലുള്ള അംഗങ്ങളെല്ലാം ചേര്‍ന്ന് അവസാനമായി നടത്തിയ പരിപാടിയായിരുന്നു അമ്മ മഴവില്ല്. അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ പരിപാടി മേയ് ആദ്യ ആഴ്ച തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു നടത്തിയത്. അഞ്ചു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ നൂറില്‍പരം താരങ്ങള്‍ വിവിധയിനം പരിപാടികളുമായി പങ്കെടുത്തിരുന്നു.


Click it and Unblock the Notifications