മോഹന്‍ലാല്‍ ജാപ്പനീസ് ഭാഷ പഠിക്കുന്നു
പുതിയ ചിത്രത്തിന് വേണ്ടി നടന്‍ മോഹന്‍ലാല്‍ ജാപ്പനീസ്, ചൈനീസ് ഭാഷകള്‍ പഠിയ്‌ക്കുന്നു.
പതിനെട്ടാം വയസ്സില്‍ സ്വന്തം നാടുവിട്ട് ജപ്പാനിലെത്തി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യമായി വിദ്യാര്‍ത്ഥി സമരം നയിച്ച അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ ജീവിതകഥയെ ആധാരമാക്കി നിര്‍മ്മിക്കുന്ന 'നായര്‍സാന്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ലാലിന്റെ ഭാഷാപഠനം.
സിനിമയല്‍ ജാപ്പനീസ്, ചൈനീസ് ഭാഷകളില്‍ ഡബ്ബിങ് നടത്തേണ്ടതുണ്ട്. അതുകൊണ്ടാണ് രണ്ടുഭാഷകളും പഠിക്കുന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. മാധവന്‍ നായര്‍ ജാപ്പാനില്‍ നായര്‍ സാന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
ജപ്പാനില്‍ ബ്രിട്ടീഷ് കാര്‍ക്കെതിരെ പോരാടിയ നായര്‍സാന്റെ കഥ ആകാംഷാ ജനകമായിരിക്കും. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ അദ്ദേഹത്തിന് ജപ്പാന്‍ സര്‍ക്കാര്‍ 'സാന്‍' പദവി നല്‍കുകയായിരുന്നു. ഡോക്യഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് നായര്‍ സാന്‍.
ജാപ്പനീസ്, സ്‌പാനിഷ്, ചൈനീസ് ഭാഷകളിലുള്ള അദ്ദേഹത്തിന്റെ അറിവ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കളുടെ കൂട്ടത്തില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി- മോഹന്‍ലാല്‍ വിശദീകരിച്ചു.
തന്നോടൊപ്പം ഈ ചിത്രത്തില്‍ ജാക്കിചാനും അഭിനയിക്കുന്നുണ്ടെന്ന കാര്യം ലാല്‍ സ്ഥിരീകരിച്ചു. മലയാളി സംവിധായകനായ ആല്‍ബര്‍ട്ടാണ് 'നായര്‍സാന്‍' സംവിധാനം ചെയ്യുന്നത്. സെപ്‌റ്റംബര്‍ മൂന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ജപ്പാന്‍, ചൈന, മംഗോളിയ എന്നിവിടങ്ങളിലാണ് ലൊക്കേഷനുകള്‍. ചിത്രത്തിനായി മോഹന്‍ലാല്‍ തന്റെ 160 ദിവസമാണ് മാറ്റിവച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications