മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേയ്ക്ക്?
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേയ്ക്ക്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സഞ്ജയ് ത്രിപാഡി ഒരുക്കുന്ന എസ്‌കേപ്പ് ടു നോവേര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുകയാണ്. ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ അണിയറക്കാര്‍ ലാലിനെ അഭിനയിക്കാന്‍ ക്ഷണിച്ചുകഴിഞ്ഞുവെന്നാണ് കേള്‍ക്കുന്നത്.
ചാരവൃത്തിയുടെ കഥ പറയുന്ന ചിത്രമാണിതെന്നാണ് സൂചന. തെന്നിന്ത്യയില്‍ നിന്നും അന്വേഷണത്തിനെത്തുന്ന റോ ഓഫീസറുടെ വേഷത്തിലായിരിക്കും ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയെന്നാണ് അറിയുന്നത്. ഇതിന് മുമ്പ് 2002ല്‍ റിലീസ് ചെയ്ത കമ്പനിയെന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് ഓഫീസറായി എത്തിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറെ പ്രശംസകളും ലഭിച്ചിരുന്നു.

മലയാളത്തില്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ഇതിന്റെ ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് സൂചന. അത് കഴിഞ്ഞ് മധുപാല്‍ ഒരുക്കുന്ന ചിത്രത്തിനും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. ബോളിവുഡ് ചിത്രത്തിന്റെ ജോലികള്‍ എപ്പോള്‍ തുടങ്ങുമെന്നകാര്യം വ്യക്തമല്ല.


Click it and Unblock the Notifications











