സാള്‍ട്ട് മാഗോ ട്രീ പോലെ ഇനിയെന്ത്?
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ഒന്നുമില്ലെങ്കിലും മമ്മൂട്ടി ഒരു വക്കീലല്ലേ. അത്യാവശ്യത്തിന് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനൊക്കെ മോഹന്‍ലാലിനുമറിയാം. എന്നാല്‍ ഇരുവരും ഒരേ സമയം ഇംഗ്ലീഷ് അറിയാത്തവരായി അഭിനയിക്കുന്നു. ഇറങ്ങാനിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ മോഹന്‍ലാലിനും മമ്മൂട്ടിയക്ക്കും ഇംഗ്ലീഷ് അറിയില്ല
സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലീഷ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയക്ക് ഇംഗ്ലീഷ് അറിയില്ല എന്നത് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. മട്ടാഞ്ചേരിയില്‍ മത്സ്യവ്യാപാരിയായ മാലിക് ഭായിയായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മലയാളം മാത്രം അറിയാവുന്ന മാലിക്കും നാടുകാണാനെത്തിയ വിദേശ വനിതയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ചിത്രത്തിന്റെ ഹൈലൈറ്റു തന്നെ. നെതര്‍ലാന്റുകാരിയയ കാരലിന്‍ ബക്കാണ് ചിത്രത്തിലെ നായിക.

അരുണ്‍ വൈദ്യനാഥിന്റെ പെരുച്ചാഴിയിലാണ് മോഹന്‍ലാലിന് ഇംഗ്ലീഷ് അറിയാത്തത്. വിശ്വനാഥന്‍ എന്ന രാഷ്ട്രീയക്കാരനാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. കേരളത്തിലെ പ്രധാന രാഷ്ട്രീയക്കാരനായ വിശ്വനാഥന്‍ അമേരിക്കയില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സുഹൃത്തിനെ സഹായിക്കാന്‍ വിദേശത്തെത്തുകയാണ്. ഇംഗ്ലീഷറിയാത്ത വിശ്വനാഥന്റെ അവസ്ഥയാണ് പിന്നെയുള്ള രസകരമായ സംഭവം.
ഇംഗ്ലീഷ് അറിയാത്ത മോഹന്‍ലാലിനേ നമ്മള്‍ നേരത്തെയും കണ്ടിട്ടുണ്ട്. ഏയ് ഓട്ടോ എന്ന ചിത്രത്തില്‍ 'മൈ നെയ്ം ഈസ് സുധി ആന്റ് യു ആര്‍ നൈയ്ം ഈസ് മീനുക്കുട്ടി' എന്നു പറയുന്ന മോഹന്‍ലാലിനെ നമ്മള്‍ കണ്ടതാണ്. ഉപ്പുമാവിന് ഇംഗ്ലീഷില്‍ 'സാള്‍ട്ട് മാഗോ ട്രീ' എന്നും പറയാന്‍ പറ്റുമെന്ന് മലയാളികള്‍ പഠിച്ചതും മോഹന്‍ലാലില്‍ നിന്നു തന്നെ. പെരുച്ചാഴിയിലൂടെ എനിയെന്ത് പഠിക്കാനിരിക്കുന്നു എന്ന് കണ്ടറിയാം.


Click it and Unblock the Notifications