സൂപ്പര്സ്റ്റാറില്ലാതെന്തു സിനിമ?
രാജമാണിക്യം എന്ന സിനിമ സംവിധാനം ചെയ്യാനുള്ള ദൗത്യം അന്‍വര്‍ റഷീദിന്റെ കൈകളിലെത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യാമെന്നേറ്റിരുന്ന ചിത്രമായിരുന്നു രാജമാണിക്യം. പക്ഷേ രഞ്ജിത്തിന് 'കാലക്കേട്' വന്നപ്പോള്‍ അന്‍വര്‍ റഷീദിന് അത് ബെസ്റ്റ് ടൈമായി.
സമയം ശരിയല്ലെന്നും ഇപ്പോള്‍ സിനിമ ചെയ്യേണ്ടെന്നും ഏതോ ജ്യോത്സ്യന്‍ പറഞ്ഞതോടെ രഞ്ജിത്ത് രാജമാണിക്യം പ്രൊജക്ടില്‍ നിന്ന് പിന്‍മാറി. പകരം ആ ചിത്രം സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചത് നവാഗതനായ അന്‍വര്‍ റഷീദിന്. അന്‍വര്‍ റഷീദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം മെഗാഹിറ്റായി. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ വിജയം. (അന്‍വര്‍ റഷീദിന് പകരം രഞ്ജിത്താണ് ആ സിനിമ സംവിധാനം ചെയ്തിരുന്നതെങ്കില്‍ പടം ഇതുപോലെ വിജയിക്കുമായിരുന്നോ? രഞ്ജിത്ത് ഒരു നൂറുവട്ടമെങ്കിലും ഈ ചോദ്യം സ്വയം ചോദിച്ചിരിക്കണം.)
അന്‍വര്‍ റഷീദിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രാജമാണിക്യത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഛോട്ടാ മുംബൈ. ആ ചിത്രവും ഹിറ്റായി. ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ തിരക്കിലാണ്. വിഷുവിന് റിലീസ് ചെയ്യാനിരിക്കുന്ന അണ്ണന്‍ തമ്പിയുടെ ചിത്രീകരണം നടന്നുവരികയാണ്.
ആദ്യചിത്രത്തില്‍ നായകന്‍ മമ്മൂട്ടി, അടുത്തതില്‍ മോഹന്‍ലാല്‍, വീണ്ടും കൈകോര്‍ക്കുന്നു മമ്മൂട്ടിയുമായി, അടുത്ത ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍! മാറിമാറി മലയാളത്തിലെ മെഗാതാരങ്ങളെ ഭ്രമണം വയ്ക്കുകയാണ് ഈ സംവിധായകന്‍.
അണ്ണന്‍ തമ്പിക്കു ശേഷം അന്‍വര്‍ റഷീദ് വീണ്ടും മോഹന്‍ലാലുമായി ഒരുമിക്കും. ഛോട്ടാ മുംബൈ നിര്‍മിച്ച മണിയന്‍പിള്ള രാജുവാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സൂപ്പര്‍ഹിറ്റായ ചോക്ലേറ്റിന്റെ തിരക്കഥാകൃത്തുക്കളായ സച്ചി-സേതുവാണ്. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.


Click it and Unblock the Notifications