അമലയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല: മോഹന്‍ലാല്‍
ഏതൊരു ജോലിയ്ക്കും ആവശ്യം ആത്മാര്‍ത്ഥതയും ത്യാഗം ചെയ്യാനുള്ള മനസ്സാമാണ്. പ്രത്യേകിച്ച് സിനിമയ്ക്ക്. അമല പോളിന് അത് ആവോളമുണ്ടെന്ന് നടി തെളിയിച്ചു കഴിഞ്ഞു. ആ ആത്മാര്‍ത്ഥതയ്ക്കും ത്യാഗത്തിനും സാക്ഷിയായ മോഹന്‍ലാല്‍ നടിയെ അഭിനന്ദിക്കാനും മറന്നില്ല.
റണ്‍ ബേബി റണ്ണിന് ശേഷം അമല പോളിനെയും മോഹന്‍ലാലിനെയും താരജോഡികളാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൈല ഓ ലൈല. ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ണാടക അതിര്‍ത്തിയിലെ ബെല്ലാരിയില്‍ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിക്കേണ്ടതുണ്ട്. അതിനായി മോഹന്‍ലാലും ജോഷിയും അടങ്ങുന്ന സംഘം അവിടെയെത്തി.

ഈ സമയം അമല പോള്‍ സൂര്യ നായകനാകുന്ന തന്റെ പുതിയ ചിത്രമായ ഹൈക്കുവിന്റെ ലൊക്കേഷനിലായിരുന്നു. ചെന്നൈയില്‍ ചിത്രീകരണതിരക്കിലായിരുന്ന അമലയെ വിവരമറിയിച്ചപ്പോള്‍ യാതൊരു മുടക്കവും പറയാതെ അമല ഓടിയെത്തി. മോഹന്‍ലാലിനൊപ്പമുള്ള തന്റെ സുപ്രധാന രംഗം ചിത്രീകരിച്ച് അമല തിരിച്ച് ചെന്നൈയിലേക്ക് മടങ്ങി. അമലയുടെ ആത്മാര്‍ത്ഥത കണ്ട് അണിയറപ്രവര്‍ത്തകരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
കേവലം അര-മുക്കാല്‍ മണിക്കൂര്‍ മാത്രമുള്ള ഒരു ഷോട്ട് ചിത്രീകരിയ്ക്കുന്നതിന് വേണ്ടിയാണ് അമല ഏകദേശം 1400 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു വന്നത്. ചിത്രത്തിനായി മാറ്റിവച്ച 30 മണിക്കൂറുകളില്‍ പകുതിയും യാത്രയ്ക്ക് തന്നെ വേണ്ടിവന്നു. വിമാനമാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമൊക്കെയായി 14 മണിക്കൂറിനുള്ളില്‍ അമല സ്ഥലത്തെത്തി. ലൈല എന്ന തന്റെ കഥാപാത്രത്തിന് വേണ്ടി എന്തിനും താന്‍ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു അമല
ഇത് കണ്ടു നിന്ന മോഹന്‍ലാല്‍ താരത്തെ അഭിനന്ദിക്കാന്‍ ഒരു അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗിക്കുകയും ചെയ്തു. ബെല്ലാരിയിലെ ജെഎസ്ഡബ്ല്യു മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ മോഹന്‍ലാല്‍ അമല പോളിനെ അഭിനന്ദിച്ചു. കേവലം ഒരേ ഒരു ഷോട്ടിന് വേണ്ടി അമലയെടുത്ത ത്യാഗവും അമല കാണിച്ച ആത്മാര്‍ത്ഥതയും എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.


Click it and Unblock the Notifications