»   » ദൃശ്യത്തില്‍ ലാലിന് നാലാംക്ലാസ് വിദ്യാഭ്യാസംമാത്രം

ദൃശ്യത്തില്‍ ലാലിന് നാലാംക്ലാസ് വിദ്യാഭ്യാസംമാത്രം

Posted By:
Subscribe to Filmibeat Malayalam

അധികം വിദ്യാഭ്യാസമില്ലാത്ത നാട്ടിന്‍പുറത്തുകാരനായി മോഹന്‍ലാല്‍ എത്രയോ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാട്ടിന്‍പുറത്തുകാരന്റെ നന്മകളും അറിവുകേടുകളുമെല്ലാം വളരെ രസകരമായി അവതരിപ്പിക്കാന്‍ ലാലിന് കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ജീത്തു ജോസഫ് മോഹന്‍ലാലിനെ വീണ്ടും വിദ്യാഭ്യാസം കുറഞ്ഞ നാട്ടിന്‍പുറത്തുകാരനാക്കുന്നു. ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ ദൃശ്യത്തിലാണ് നാലാം ക്ലാസ് വരെ മാത്രം പഠിച്ച കുഗ്രാമത്തില്‍ ജീവിക്കുന്നയാളായി മോഹന്‍ലാല്‍ എത്തുന്നത്.

ഭാര്യയും മക്കളുമൊത്ത് ജീവിക്കുന്ന ഇയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ദൃശ്യത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പേര് മൈ ഫാമിലിയെന്നാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രമൊഴിച്ചാല്‍ ബാക്കി ചിത്രങ്ങള്‍ക്കെല്ലാം ഇംഗ്ലീഷ് അക്ഷരമായ എം വച്ച് പേരിട്ടതോടെ ജീത്തുവിന്റെ ഈ ചിത്രവും എംമ്മില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം പറഞ്ഞത്.

Mohanlal

എന്നാല്‍ ഒരു കുഗ്രാമത്തില്‍ കഴിയുന്ന വിദ്യാഭ്യാസമില്ലാത്തയാളുടെ കഥ പറയുന്ന ചിത്രത്തിന് എന്തിനാണ് ഇംഗ്ലീഷ് പേര് എന്നാണ് ജീത്തു ചോദിക്കുന്നത്. മാത്രമല്ല എം എന്ന അക്ഷരം തന്റെ ഭാഗ്യാക്ഷരമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും ജീത്തു പറയുന്നു.

ദൃശ്യത്തിന് നായികയെ കിട്ടാനായി ജീത്തുവിന് നന്നേ ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കണമെന്നതുകൊണ്ടുതന്നെ മുന്‍നിര നായികമാരൊന്നും ഈ വേഷം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഒടുവിലാണ് മുമ്പ് മോഹന്‍ലാലിന്റെ സ്ഥിരം നായികയായിരുന്ന മീനയെ ജീത്തു സമീപിയ്ക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മീനയാണെങ്കില്‍ മലയാളത്തില്‍ ഒരു മികച്ച തിരിച്ചുവരവിനുള്ള അവസരം കാത്തിരിക്കുുകയായിരുന്നു. കഥപറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അമ്മവേഷം ചെയ്യാന്‍ മീന മടികാണിച്ചിട്ടുമില്ല. ഇതെല്ലാം ജീത്തുവിന് സഹായകമായ ഘടങ്ങളായി. അങ്ങനെ ദൃശ്യത്തില്‍ അഭിനയിക്കാമെന്ന് മീന വാക്കു നല്‍കുകയും ചെയ്തു.

സെപ്റ്റംബറില്‍ തൊടുപുഴയിലാണ് ദൃശ്യത്തിന്റെ ഷൂട്ടിങ് തുടങ്ങുക. മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രമായിട്ടായിരിക്കും ദൃശ്യം തിയേറ്ററുകളില്‍ എത്തുക.

English summary
Mohanlal to act as a village man who is not much educated in Jeethu Joseph's Drishyam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam