'അമ്മയെ നയിക്കാൻ ഇനിയില്ല'; ഭാരവാഹിയാകാൻ താൽപര്യമില്ലെന്ന് മോഹൻലാൽ, തീരുമാനം സഹപ്രവർത്തകരെ അറിയിച്ചു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത് നടൻ മോഹൻലാലായിരുന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഘടനയിലെ ചില അംഗങ്ങൾക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ തുടർന്ന് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ്, ബാബുരാജ് എന്നിവർക്കെതിരെയാണ് പ്രധാനമായും ലൈംഗികാരോപണങ്ങൾ ഉയർന്നത്.
അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെയാണ് ഇക്കഴിഞ്ഞ ജൂണിൽ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. 25 വർഷത്തിനുശേഷം ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്ത് സ്വമേധയ ഒഴിഞ്ഞപ്പോൾ മോഹൻലാലും പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഇടവേള ബാബുവിന് പുറകെ മോഹൻലാലും നേതൃത്വത്തിൽ നിന്നും പിന്മാറിയാൽ സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അഭിപ്രായം ഉയർന്നതോടെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത്. മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചശേഷം നിലവിലുള്ള നേതൃത്വം അഡ്ഹോക് കമ്മിറ്റിയായി നിന്നാണ് സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.
കൂട്ടരാജിയുണ്ടായപ്പോൾ ഇനി ആര് നേതൃസ്ഥാനത്ത് വരണമെന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. സംഘടനയിലെ അംഗങ്ങളിൽ ഭൂരിഭാഗം പേരും മോഹൻലാൽ തിരിച്ച് വരണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടത്. അമ്മ തിരിച്ചുവരവിന്റെ പാതയിലാണെന്നും പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അടുത്തിടെ സുരേഷ് ഗോപി പറഞ്ഞപ്പോഴും മോഹൻലാൽ തലപ്പത്തേക്ക് തിരിച്ചുവരുമെന്ന ആശ്വസത്തിലായിരുന്നു അംഗങ്ങൾ.
എന്നാൽ ഇപ്പോൾ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. അമ്മ സംഘടനയുടെ ഭാരവാഹിയാകാൻ ഇനി താനില്ലെന്ന് നടൻ സഹപ്രവർത്തകരെ അറിയിച്ചു. ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും താരത്തോട് പറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. അതിനാൽ തന്നെ സംഘടനയുടെ ജനറൽബോഡിയും തെരഞ്ഞെടുപ്പും ജൂണിലായിരിക്കും നടക്കുക.
അപ്പോഴായിരിക്കും പുതിയ ഭരണസമിതിയേയും തെരഞ്ഞെടുക്കുക. ഒരു വർഷത്തേക്കാണ് താൽക്കാലിക കമ്മിറ്റിക്ക് സംഘടനയുടെ ചുമതല. കേരളപ്പിറവിയോടനുബന്ധിച്ച് സംഘടനയുടെ കൊച്ചിയിലെ ആസ്ഥാനത്ത് അംഗങ്ങളായ താരങ്ങൾ ഒത്തുചേർന്നിരുന്നു.
സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ അന്ന് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷവും സഹപ്രവർത്തകർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നപ്പോൾ മോഹൻലാൽ പ്രതികരിക്കാതിരുന്നതും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

റിപ്പോർട്ട് പുറത്ത് വന്ന് കുറച്ച് ദിവസങ്ങൾക്കുശേഷമാണ് മോഹൻലാൽ പ്രതികരിച്ചത്. മാത്രമല്ല അന്ന് താരം നൽകിയ മറുപടികളിൽ പ്രേക്ഷകർ തൃപ്തരുമായിരുന്നില്ല. വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണിത്. ദയവ് ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ. അത് നിശ്ചലമായിപ്പോകും. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്.
ആർക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്ക് രക്ഷിക്കണം എന്നാണ് താരം മുമ്പ് പറഞ്ഞത്. മുമ്പും സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ വരുമ്പോൾ സംഘടനയേക്കാളും ആരോപണ വിധേയരെക്കാളും ക്രൂശിക്കപ്പെട്ടൊരാൾ പ്രസിഡന്റായ മോഹൻലാലായിരുന്നു.


Click it and Unblock the Notifications