സഞ്ജുവിനെക്കുറിച്ചോര്‍ത്ത് അഭിമാനിയ്ക്കുന്നു: മോഹന്‍ലാല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളിതാരം സഞ്ജു സാംസണ് നാനാഭാഗത്തുനിന്നും ആശംസകളും പ്രശംസകളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയുമെല്ലാം പ്രശംസകള്‍ക്കിടെ സഞ്ജുവിന് ലഭിച്ചിരിക്കുന്ന സൂപ്പര്‍ തിളക്കമുള്ളൊരു ആശംസ. മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാലാണ് സഞ്ജുവിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ഫേസ്ബുക്കില്‍ സഞ്ജുവിന്റെ ഫോട്ടോസഹിതമാണ് ലാലേട്ടന്‍ ആശംസ അറിയിച്ചരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ജ്വലിയ്ക്കുന്നൊരു ഭാവിയുണ്ടാകട്ടെയെന്നാണ് ലാലേട്ടന്റെ ആശംസ. നമ്മുടെ ടീമിനെ വിജയത്തിലേയ്ക്ക് നയിക്കാന്‍ സഞ്ജുവിന് ദൈവാനുഗ്രഹം ലഭിക്കട്ടെയെന്നും സഞ്ജുവിനെ ഓര്‍ത്ത് താന്‍ അഭിമാനിയ്ക്കുന്നുവെന്നും ലാലേട്ടന്‍ പറയുന്നു.

ടിനു യോഹന്നാനും ശ്രീശാന്തിനും പിന്നാലെ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിയ്ക്കുന്ന മലയാളിയാണ് സഞ്ജു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കും, ട്വന്റിട്വന്റി മത്സരത്തിനുമുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











