അന്റാര്‍ട്ടിക്കയില്‍ നിന്ന് മോഹന്‍ലാലിന്റെ ഒരു വലിയ ഹായ്
ഷൂട്ടിങ് തിരക്കുകളൊക്കെ മാറ്റിവച്ച് മോഹന്‍ലാല്‍ ഭാര്യയ്ക്കും മകനുമൊപ്പം അന്റാര്‍ട്ടിക്കയിലെ തണുപ്പ് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പമുള്ള അന്റാര്‍ട്ടിക്ക യാത്രയെ കുറിച്ച് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ യാത്രയുടെ വിശേഷം പങ്ക് വയ്ക്കുകയാണ് ലാല്‍.
മകനും ഭാര്യയ്ക്കുമൊപ്പമുള്ള കപ്പല്‍ യാത്രയ്ക്കിടെ എടുത്ത ഫോട്ടോയാണ് ആദ്യം പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം മറ്റൊരു വീഡിയോ കൂടെ ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു. അന്റാര്‍ട്ടിക്കയില്‍ നിന്ന് ലാല്‍ തന്റെ ആരാധകരോട് ഒരു 'ബിഗ് ഹായ്' പറയുന്നതാണ് വീഡിയോ.

വായനയ്ക്കും യാത്രയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മോഹന്‍ലാല്‍. ഓരോ യാത്രയും പുതിയ പുതിയ അനുഭവവും അറിവും നല്‍കുന്നതാണെന്നാണ് മോഹന്‍ലാലിന്റെ പക്ഷം. ഇതേ കാഴ്ചപ്പാടും ഇഷ്ടങ്ങളും തന്നെയാണ് മകന്‍ പ്രണവിനും.
സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് ലാല്‍ അന്റാര്‍ട്ടിക്ക യാത്ര പുറപ്പെട്ടത്. മഞ്ജു വാര്യര്‍ നായികയാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടില്ല. ലാല്‍ മടങ്ങിവന്നതിന് ശേഷമാകും അടുത്ത ഷെഡ്യൂള്‍.
കമല്‍ ഹസന്‍ നായകനാകുന്ന, ജീത്തു ജോസഫിന്റെ ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷമാണ് പ്രണവ് അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര പുറപ്പെട്ടത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് താര പുത്രന്‍. യാത്ര മൂന്നാഴ്ച നീണ്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











