ലാല്‍ പതിവ് തെറ്റിക്കുന്നു
2007ല്‍ ഏപ്രിലിലാണ് മോഹന്‍ലാലിന്റെ ആദ്യചിത്രമെത്തിയത്. വിഷുച്ചിത്രമായി ഛോട്ടാ മുംബൈ റിലീസ് ചെയ്യുന്നതിനു മുമ്പ് 2007ല്‍ ആദ്യ മൂന്ന് മാസങ്ങളിലും ലാലിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല.
മോഹന്‍ലാല്‍ 2007ലെ ആദ്യചിത്രവുമായി ഏപ്രിലിലെത്തുമ്പോഴേക്കും മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ജനവരിയില്‍ മായാവിയും കയ്യൊപ്പും. ഏപ്രിലില്‍ വിഷുച്ചിത്രമായി ബിഗ് ബിയുമെത്തി. വര്‍ഷാന്ത്യത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ മമ്മൂട്ടിക്കു തന്നെയായിരുന്നു. മമ്മൂട്ടിയുടെ ഏഴ് ചിത്രങ്ങള്‍ 2007ല്‍ പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ ആറു ചിത്രങ്ങളാണ് റിലീസ് ചെയ്തത്. 2006ലും വിഷുവിനാണ് മോഹന്‍ലാലിന്റെ ആദ്യചിത്രം പുറത്തിറങ്ങിയത്. ആ വര്‍ഷവും ചിത്രങ്ങളുടെ എണ്ണത്തില്‍ മമ്മൂട്ടി തന്നെ മുന്നിലെത്തി.
ഇത്തവണ മോഹന്‍ലാല്‍ പതിവ് തെറ്റിക്കുകയാണ്. ജനവരിയില്‍ തന്നെ 2008ലെ മോഹന്‍ലാലിന്റെ ആദ്യചിത്രം പുറത്തിറങ്ങും. തുളസീദാസ് സംവിധാനം ചെയ്ത കോളജ് കുമാരന്‍ റിപ്പബ്ലിക് ദിനമായ ജനവരി 26നാണ് തിയേറ്ററുകളിലെത്തുന്നത്. കോളജ് കാന്റീന്‍ നടത്തിപ്പുകാരനായ കുമാരന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാനറിസങ്ങളോടെയാണ് സൂപ്പര്‍താരം പ്രത്യക്ഷപ്പെടുന്നത്.
ഫിബ്രവരിയില്‍ തന്നെ അടുത്ത മോഹന്‍ലാല്‍ ചിത്രവും തിയേറ്ററുകളിലെത്തും. കോളജ് കുമാരന്‍ എന്ന കച്ചവട മസാലക്കു ശേഷം ഒരു ഓഫ് ബീറ്റ് ചിത്രവുമായാണ് ഫിബ്രവരിയില്‍ മോഹന്‍ലാലെത്തുന്നത്. ഒരു വര്‍ഷം മുമ്പു തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ കെ.പി.കുമാരന്റെ ആകാശഗോപുരമാണ് ഫിബ്രവരിയില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം.
ഇബ് സന്റെ മാസ്റ്റര്‍ ബില്‍ഡര്‍ എന്ന പ്രശസ്ത നാടകത്തെ ആസ്പദമാക്കി കെ.പി.കുമാരന്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ആല്‍ബര്‍ട്ട് സാംസണ്‍ എന്ന പ്രഗത്ഭ ശില്പിയായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. നീട്ടി വളര്‍ത്തിയ മുടിയും ഫ്രഞ്ച് താടിയുമൊക്കെയായി വ്യത്യസ്തമായ രൂപത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പരദേശിക്കു ശേഷം മോഹന്‍ലാലിന്റെ അഭിനയമികവ് മാറ്റുരയ്ക്കുന്ന അസാധാരണ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രമാണ് ആകാശഗോപുരം.


Click it and Unblock the Notifications