ഫിലിപ്‌സിന്റെ മങ്കി പെന്‍ ലാലേട്ടന്‍ സ്വന്തമാക്കി
കൗതുകം ജനിപ്പിക്കുന്നതും പഴക്കമേറിയതുമായ അപൂര്‍വ്വ വസ്തുക്കളോടുള്ള മോഹന്‍ലാലിന്റെ പ്രണയം പ്രസിദ്ധമാണ്. ആനക്കൊമ്പ്, പഴയ പാത്രങ്ങള്‍, തടിയുരുപ്പടികള്‍, പെയിന്റിങുകള്‍ എന്ന് വേണ്ട പഴക്കം ചെന്നതും കലാമൂല്യമുള്ളതുമായ എന്തും ലാല്‍ സ്വന്തമാക്കാറുണ്ട്. അതെല്ലാം സ്വന്തം ആര്‍ട്ട ഗാലറിയിലാണ് അദ്ദേഹം സൂക്ഷിയ്ക്കാറുള്ളത്. ഇപ്പോഴിതാ ഫിലിപ്‌സിന്റെ മങ്കി പെന്നും ലാലേട്ടന്‍ സ്വന്തമാക്കിക്കഴിഞ്ഞു.
അതേ ജയസൂര്യ നായകനായ സനൂപ് ബാലതാരമായി എത്തിയ ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലെ അത്ഭുതപ്പേനതന്നെയാണ് ലാലേട്ടന്‍ സ്വന്തമാക്കിയിരിക്കുന്നത്. സിനിമ കണ്ടതോടെ മോഹന്‍ലാലിന് മങ്കിപ്പെന്‍ സ്വന്തമാക്കണമെന്ന ആഗ്രഹമുദിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവായ സാന്ദ്ര തോമസിനോട് ലാല്‍ ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ സാന്ദ്ര അതത്ര കാര്യമാക്കിയില്ല.

ചിത്രത്തിന് വേണ്ടി മൂന്ന് കുരങ്ങന്‍ പേനകളായിരുന്നു കലാസംവിധായകന്‍ ഉണ്ടാക്കിയത്. അതില്‍ ഒന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ വിജയ് ബാബുവിന്റെ മകനും നായകനായ ജയസൂര്യയുടെ മകനും നല്‍കി. ബാക്കിയായ പേന ഫ്രൈഡേ ഫിലിംസിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അടുത്തിടെ പെരുച്ചാഴിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാനദിവസം ഫ്രൈഡേ ഫിലിംസിന്റെ ഓഫീസിലെത്തിയ മോഹന്‍ലാല്‍ സാന്ദ്രയോട് വീണ്ടും മങ്കിപെന്നിന്റെ കാര്യം പറഞ്ഞു. പേന അത്രക്കിഷ്ടമായതുകൊണ്ടാണ് ചോദിയ്ക്കുന്നതെന്നും തന്റെ ആര്‍ട് ഗാലറിയില്‍ സൂക്ഷിയ്ക്കാനാണെന്നും ലാല്‍ പറഞ്ഞതോടെ സാന്ദ്ര കാര്യം സീരിയസായി എടുത്തു. ആകെ ബാക്കിയായ പേന മറ്റൊരാള്‍ക്ക് കൊടുക്കാനിഷ്ടമില്ലാതിരുന്നിട്ടും വിജയ്ബാബുവും സാന്ദ്രയും കൂടി പേന ലാലേട്ടന് നല്‍കാന്‍ തീരുമാനിച്ചു.
ചിത്രത്തില്‍ നായകനായ സനൂപും സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് അത് ലാലേട്ടന് സമ്മാനിയ്ക്കുകയും ചെയ്തു. അങ്ങനെ ആ മങ്കി പെന്‍ ലാലിന്റെ ആര്‍ട് ഗാലറിയ്ക്ക് സ്വന്തമായി.


Click it and Unblock the Notifications











