ഹോളിവുഡ് സ്റ്റൈലിൽ റാം; ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ആവേശത്തിൽ ആരാധകർ
മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം ട്വൽത്ത് മാൻ ഗംഭീര വിജയം കൈവരിച്ച് മുന്നേറുകയാണ്. നേരിട്ട് ഒ.ടി.ടി. റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഗംഭീര ചിത്രമാണ് 'റാം'.

മോഹൻലാൽ തൃഷ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് വ്യാപനം മൂലം നീണ്ട് പോവുകയായിരുന്നു. 'ദൃശ്യം സെക്കന്‍ഡി'ന് മുമ്പ് തന്നെ ചിത്രീകരണം പൂര്‍ത്തിയാകേണ്ട ചിത്രം കൂടിയായിരുന്നു 'റാം'.
മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുക്കുന്ന 'റാം' ആദ്യഘട്ട ചിത്രീകരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. വിദേശത്ത് ചിത്രീകരിക്കേണ്ട രണ്ടാം ഘട്ടമാണ് കോവിഡ് വ്യാപനം മൂലം മുടങ്ങിയത്.
മോഹൻലാൽ തന്റെ സ്വന്തം സംവിധാനത്തിലുള്ള 'ബറോസ്' എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം റാമിന്റെ വിദേശ ഷെഡ്യുളിലേക്ക് ജോയിൻ ചെയ്യും. ജീത്തു ജോസഫ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ് നിർവഹിക്കുന്നത്.
ജൂലൈ പകുതിയോടെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന റാമിന്റെ ലൊക്കേഷന്‍ ഹണ്ടിംഗിനായി ലണ്ടനിലാണ് ജീത്തു ജോസഫും സംഘവും.
ഹോളിവുഡ് ശൈലിയിലുള്ള ആക്ഷന്‍ ചിത്രമാണ് 'റാം' എന്ന് ജീത്തു ജോസഫ് മുൻപ് ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്‌സിനെ ചിത്രത്തിനായി കൊണ്ട് വരുന്നുണ്ട്.
ചെന്നൈ,ധനുഷ്‌കോടി, കെയ്റോ, ഡെല്‍ഹി,ലണ്ടന്‍,കൊളംബോ എന്നിവിടങ്ങളിലായി 'റാം' ചിത്രീകരിക്കുമെന്നാണ് സിനിമയുടെ പ്രഖ്യാപന ഘട്ടത്തില്‍ അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു എന്ന വാർത്ത വളരെ ആഹ്ലാദപൂർവമാണ് മോഹൻലാൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.


Click it and Unblock the Notifications











